തിരുവനന്തപുരം: രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കു ചുമയ്ക്കോ ജലദോഷത്തിനോ ഉള്ള മരുന്നുകളുടെ കുറിപ്പടി ലഭിച്ചാലും മരുന്നു നല്കരുതെന്നു മരുന്നു വ്യാപാരികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പിന്റെ നിര്‍ദേശം. കേന്ദ്ര പൊതുജനാരോഗ്യ ഡയറക്ടറുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നിയന്ത്രണം.
ഒന്നിലധികം മരുന്നു ചേരുവകള്‍ ചേര്‍ന്നിട്ടുള്ള ഫോര്‍മുലേഷനുകള്‍ 5 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് സാധാരണഗതിയില്‍ നിര്‍ദേശിക്കാറില്ല. അതില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഡോക്ടര്‍ നിര്‍ദേശിച്ച അളവിലും കാലയളവിലും മാത്രമേ നല്‍കാവൂവെന്നു ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു. ചുമമരുന്ന് കഴിച്ച് മധ്യപ്രദേശില്‍ 17 കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് ഇത്.
കോള്‍ഡ്രിഫ് എന്ന സിറപ്പില്‍ ഉയര്‍ന്ന അളവില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നു മരുന്ന് ഉല്പാദിപ്പിച്ച തമിഴ്നാട്ടിലെ കാഞ്ചിപുരത്തുള്ള ശ്രീശന് ഫാര്‍മ കമ്പനിക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് (സിഡിഎസ്സിഒ) ശുപാര്‍ശ നല്കി. കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കു കര്‍ശന ജാഗ്രതാ നിര്‍ദേശം നല്കി. എല്ലാ മരുന്നു നിര്‍മാതാക്കളും പുതുക്കിയ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചു.

