Spread the love

ഇടത് സർക്കാരിന്റെത് ജനക്ഷേമ ബജറ്റ്ജോസ് കെ മാണി

കോട്ടയം: ധനമന്ത്രി കെ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ് ജനക്ഷേമത്തിന് ഊന്നൽ നൽകുന്ന മാതൃകാപരമായ ബഡ്ജറ്റ് ആണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.പ്ലസ് ടു വരെയുണ്ടായിരുന്ന സൗജന്യ വിദ്യാഭ്യാസം ഡിഗ്രി ക്ലാസുകൾ വരെ ഉയർത്തിയത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന സുവർണ ഏടാണ്.വയോജനങ്ങളുടെ പരിരക്ഷയ്ക്ക് നൽകിയ ഉയർന്ന പരിഗണന പ്രത്യേകം എടുത്തു പറയേണ്ടതാണ്.അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി സംസ്ഥാനത്തിന് അധിക സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടികൾക്കിടയിലും ബഡ്ജറ്റിലൂടെ ജനങ്ങളുടെ നികുതിഭാരം വർദ്ധിപ്പിച്ചില്ല.എൽഡിഎഫ് സർക്കാരിൻറെ മുഖമുദ്രയായ ക്ഷേമ പ്രവർത്തനങ്ങളും വികസന കുതിപ്പും തുടരുമെന്ന പ്രഖ്യാപനം കൂടിയാണ് സംസ്ഥാന ബഡ്ജറ്റ് എന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

സംസ്ഥാന ബജറ്റില്‍ പാലാ കെ.എം മാണി സ്മാരക ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലിന് 25 കോടി രൂപ ലഭ്യമായതായി ജോസ് കെ.മാണി എം.പി അറിയിച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാലുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഹോസ്പിറ്റലിലെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ത്തീകരണത്തിനും 20 കോടി രൂപയും, ഹോസ്പിറ്റലിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിന് 5 കോടി രൂപയുമാണ് വകകൊള്ളിച്ചിരിക്കുന്നത്. റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിനായി പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 2.45 കോടി രൂപ അനുവദിച്ചിരുന്നു. ആറ്റോമിക് എനര്‍ജി റെഡുലേറ്ററി ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം റേഡിയേഷന്‍ മെഷീന്‍ സ്ഥാപിക്കാന്‍ ആവശ്യമായ കെട്ടിടവും, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് തുക അനുവദിച്ചത്. ആയതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ബജറ്റ് വിഹിതം കൂടി ലഭ്യമാകുന്ന മുറയ്ക്ക് 4 നിലകളായി വിഭാവനം ചെയ്ത ഈ ബൃഹത് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും. കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആധുനിക രോഗനിര്‍ണ്ണയ മെഷീനുകളായ പെറ്റ് സി.റ്റി സ്‌ക്കാനര്‍, എം.ആര്‍.ഐ സ്‌ക്കാനിങ്ങ്, മാമോഗ്രാം മെഷീന്‍ തുടങ്ങിയ ഇവിടെ സ്ഥാപിക്കാന്‍ സാധിക്കും. റേഡിയേഷന്‍ ചികിത്സയ്ക്ക് വരുന്ന രോഗികള്‍ക്ക് താമസസൗകര്യം ലഭ്യമാക്കാനും സാധിക്കും.റേഡിയോ ഡയഗ്നോസ്റ്റിക് ഉപകരണങ്ങളായ സി.റ്റി സ്‌കാനര്‍ കം സ്റ്റിമലേറ്റര്‍, അള്‍ട്രാസൗണ്ട് സ്‌കാനര്‍ ഉള്‍പ്പടെ 12 കോടി രൂപയുടെ അതിനൂതനസാങ്കേതിക വിദ്യയോടുകൂടിയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി മുഖാന്തരമുള്ള പദ്ധതിക്കും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചതാണെന്നും ജോസ് കെ.മാണി പറഞ്ഞു.

മുന്നണി മാറ്റത്തിന് ശ്രമിച്ച ജോസ് കെ മാണിയെ വെട്ടിലാക്കുന്ന ബജറ്റ് : എൻ ഹരി

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് റബർ കർഷകരെ പൂർണ്ണമായി നിരാശയിലാഴ്ത്തുന്നതും കർഷക ജനതയെ അവഗണിക്കുന്നതും ആണെന്ന് ബിജെപി നേതാവ് എൻ.ഹരി ആരോപിച്ചു.

കർഷകരുടെ പാർട്ടിയെന്ന് അവകാശപ്പെടുന്ന കേരള കോൺഗ്രസ് എം കർഷക സമൂഹത്തെ വഞ്ചിച്ചിരിക്കുകയാണ്. റബർ കർഷകരെ തഴിഞ്ഞ ഇടതുമുന്നണിയുടെ ഭാഗമായ ജോസ് കെ മാണിയുടെ ഇനിയെങ്കിലും കർഷക പ്രേമത്തിന്റെ കാപട്യം പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും മുതലക്കണ്ണീർ ഒഴുക്കുന്നത് അവസാനിപ്പിക്കണം.

കേരളത്തിൽ റബർ കർഷകർ എന്ന ഒരു ജനവിഭാഗം ഉണ്ടെന്നതുപോലും മറന്ന ബജറ്റ് ആണ് ഇത്. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച റബ്ബർ താങ്ങു വില ഒട്ടും വർധിപ്പിച്ചില്ല. കിലോഗ്രാമിന് 250 രൂപയെങ്കിലും കുറഞ്ഞത് വർദ്ധിപ്പിക്കുമെന്ന
പ്രതീക്ഷയിൽ ആയിരുന്നു കർഷകർ. എന്നാൽ റബറിനോ റബർ മേഖലയ്ക്കോ കാർഷിക മേഖലയ്ക്ക് കൈത്താങ്ങാവുന്ന ഒരു പദ്ധതിയും ഇല്ല ബജറ്റിൽ

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചില പൊടി കൈകൾ മാത്രമാണ് ബജറ്റിൽ ഉള്ളത്. ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം കർഷകരോട് തികഞ്ഞ അനീതിയാണ് കാണിച്ചിട്ടുള്ളത്.

നെൽ സംഭരണത്തിനായി ഈ ബജറ്റിലും തുക വകയിരുത്തിയിട്ടുണ്ടെങ്കിലും അത് കർഷകരുടെ കൈകളിൽ എത്തുമെന്ന് ഉറപ്പില്ല. സംഭരിച്ച നെല്ലിൻറെ വില നൽകാതെ കേരളത്തിലെ നെൽ കർഷകർ കടുത്ത ദുരിതത്തിലാണ്. അപ്പർ കുട്ടനാട്ടിലെ ഭൂരിപക്ഷം കർഷകരും കൃഷി ഉപേക്ഷിക്കുന്ന മനോഭാവത്തിലാണ്.

കേരളത്തിൽ നെല്ലും കൃഷിയും വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന മന്ത്രിയുടെ സർക്കാരിൽ നിന്നും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കാനാവില്ല. കർഷകരുടെ പേര് പറഞ്ഞു ഊറ്റം കൊള്ളുന്ന മാർക്സിസ്റ്റ് പാർട്ടിക്കും ഇക്കാര്യത്തിലുള്ള നയവും നിലപാടും ബജറ്റോടെ വ്യക്തമായിരിക്കുകയാണ്.

മുന്നണി മാറാൻ കോപ്പു കുട്ടിയ ജോസ് കെ മാണിയെ ഒരു പാഠം പഠിപ്പിക്കുന്നതിനാണോ ബാലഗോപാൽ കർഷക വിരുദ്ധ ബജറ്റിലൂടെ ശ്രമിക്കുന്നത്.