Spread the love

ഇടഞ്ഞ തരൂര്‍ ഇടത്തേക്കില്ല. കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തി

കൊച്ചി: സിപിഎമ്മിലേക്ക് എന്ന ചര്‍ച്ചകള്‍ക്കിടെ തരൂരുമായുളള ഭിന്നത പരിഹരിച്ച് കോണ്‍ഗ്രസ്. പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂരുമായി ചര്‍ച്ച നടത്തി തര്‍ക്കം പരിഹരിച്ച് കോണ്‍ഗ്രസ് നേതൃത്വം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ഡല്‍ഹിയില്‍ നടത്തിയ രണ്ടു മണിക്കൂര്‍ ചര്‍ച്ചയിലാണ് മഞ്ഞുരുകിയത്.നേതാക്കളുമായി ക്രിയായ്മക ചര്‍ച്ച നടത്തിയെന്നും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. ‘ഞങ്ങള്‍ ഒന്നിച്ച് നീങ്ങേണ്ടവരാണ്. അതില്‍ കൂടുതല്‍ എന്താണ് പറയാന്‍ കഴിയുക’

കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലെന്ന് തരൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എം.പി എന്ന നിലയില്‍ തിരുവനന്തപുരത്തെ വോട്ടര്‍മാരുടെ വിശ്വാസമാണ് പ്രധാനം.

കൊച്ചിയിലെ പരിപാടിയില്‍ നേരിട്ട അവഗണനയോടുള്ള പ്രതിഷേധമെന്നോണം തരൂര്‍ ഡല്‍ഹിയില്‍ നടന്ന കേരള നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. കോഴിക്കോട്ടെ സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനുണ്ടെന്ന് നേരത്തെ അറിയിച്ചെന്നാണ് അന്ന് തരൂര്‍ പറഞ്ഞത്. പക്ഷേ നേതൃത്വവുമായി ചില പ്രശ്‌നങ്ങളുണ്ടെന്ന് കഴിഞ്ഞ ദിവസം തരൂര്‍ സമ്മതിച്ചു. നേതൃത്വവുമായി ചര്‍ച്ച ചെയ്യാന്‍ താത്പര്യമുണ്ടെന്ന സൂചനയും നല്‍കി. ഇതേ തുടര്‍ന്നാണ് ഇന്നലെ ചര്‍ച്ച നടന്നത് കൊച്ചിയില്‍ നടന്ന ‘മഹാപഞ്ചായത്ത്’ വേദിയിലെ അവഗണനയെച്ചൊല്ലി ഇടഞ്ഞു നില്‍ക്കുകയായിരുന്നു തരൂര്‍. കൂടാതെ ദുബായ് യാത്രയ്ക്കിടെ സിപിഎമ്മിനായി ഗള്‍ഫിലെ പ്രമുഖ വ്യവസായി തരൂരിനെ സമീപിച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.