പത്താംനാള്‍ മുഖ്യമന്ത്രി, തിരുവനന്തപുരത്ത് കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം, യോഗത്തില്‍ പ്രഖ്യാപനം. സമയം 1 പിഎം
ന്യൂഡല്‍ഹി: പത്താദിനം മുഖ്യമന്ത്രി പ്രഖ്യാപനം. തെരഞ്ഞെടുപ്പ് ഫലം വന്ന് പത്താം നാള്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. ഇന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തിനെത്തുന്ന ഹൈക്കമാന്റ് പ്രതിനിധി ദീപദാസ് മുന്‍ഷി കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും. പിന്നീട് യോഗം.
ബുധനാഴ്ച വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയായ 10 രാജാജി മാര്‍ഗിലെത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി മുക്കാല്‍ മണിക്കൂറോളം ചര്‍ച്ച നടത്തി ഇറങ്ങിയതിന് പിന്നാലെ, പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകുമെന്ന് മാധ്യമ വിഭാഗം ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.
തിരുവനന്തപുരത്ത് ഇന്ന് കോണ്‍ഗ്രസിന്റെ അടിയന്തര നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ സംബന്ധിച്ച ഹൈക്കമാന്‍ഡ് തീരുമാനം മുദ്രവെച്ച കവറില്‍ ദീപാ ദാസ്മുന്‍ഷി യോഗത്തിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുക.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ദീപാ ദാസ്മുന്‍ഷിയും രണ്ട് നിരീക്ഷകരും പങ്കെടുത്തേക്കും. വിജയിച്ച സ്ഥാനാര്‍ഥികളോട് തിരുവനന്തപുരത്തെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തില്‍ പ്രഖ്യാപനമുണ്ടാവും. യു.ഡി.എഫ്. ഘടകകക്ഷികളുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടിനു നടക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയെ അംഗീകരിച്ച് കത്ത് കൈമാറും. ഈ പിന്തുണ സഹിതമാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ രൂപവത്കരണത്തിനായി ഗവര്‍ണറെ കാണുക.
സോണിയ ഗാന്ധിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് രാഹുലും ഖര്‍ഗെയും അന്തിമ തീരുമാനമെടുത്തതെന്നു വ്യക്തമാണ്. പ്രിയങ്ക ഗാന്ധിയുടെയും മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെയും നിലപാടുകളും നിര്‍ണായകമായി. ഖര്‍ഗെയെ കാണുംമുന്‍പ് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശുമായും രാഹുല്‍ ഗാന്ധി ഫോണില്‍ വിശദമായി സംസാരിക്കുകയുണ്ടായി.

