Spread the love

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ തന്നെ ഞെട്ടിച്ച കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് ക്രൂര പീഡനം. അർധരാത്രിയിൽ സ്വകാര്യ ബസിനുള്ളിൽ വച്ചു യുവതിയെ രണ്ടുപേർ ചേർന്ന് അതിക്രൂരമായാണ് പീഡിപ്പിച്ചത്. സമയം ചോദിച്ചെത്തിയ യുവതിയെ ബസിനുള്ളിലേക്ക് ബലം പ്രയോഗിച്ച് കയറ്റി ഡ്രൈവറും കണ്ടക്ടറും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സുൽത്താൻപുരിയിലുള്ള സഹോദരന്റെ വീട്ടിൽ നിന്നും രാത്രി വൈകി സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി.

ഔട്ടർ റിങ് റോഡിലെ സരസ്വതി വിഹാറിൽ ബസ് കാത്തുനിൽക്കുമ്പോൾ ബസ്സിനുള്ളിൽ നിന്ന ഒരാളോട് യുവതി സമയം ചോദിച്ചു. എന്നാൽ യുവതിയോട് ഉള്ളിലേക്ക് കയറി സംസാരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. അകത്തുകയറിയ ഉടൻ ഡ്രൈവർ ബസ് എടുത്തു. ബസ്സിനുള്ളിൽ ഉണ്ടായിരുന്ന ഒരാൾ വാഹനത്തിന്റെ പിൻഭാഗത്തേക്ക് തള്ളിയിടുകയും ഓടിക്കൊണ്ടിരുന്ന ബസ്സിൽ വെച്ച് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തു. പിന്നീട് നംഗ്ലോയ് റെയിൽവേ സ്റ്റേഷന് സമീപം ബസ് നിർത്തി ഡ്രൈവറും പീഡിപ്പിച്ചു.

എന്നാൽ തനിക്കെതിരെ ചെയ്ത കാര്യങ്ങൾക്ക് പരാതി നൽകില്ലെന്നും തന്നെ വിട്ടയക്കണമെന്നും അവരോട് കരഞ്ഞു യാചിച്ചാണ് യുവതി രക്ഷപ്പെട്ടത്. ‘നിങ്ങൾ ചെയ്തതൊന്നും ഞാൻ ആരോടും പറയില്ല, വീട്ടിൽ മൂന്ന് മക്കൾ എന്നെയും കാത്തിരിക്കുന്നുണ്ട്, ദയവായി എന്നെ വിട്ടയക്കണം’ എന്ന് അവരോട് യുവതി കേണുപറഞ്ഞു. മക്കളുടെ കാര്യം പറഞ്ഞതോടെയാണ് പ്രതികൾ യുവതിയെ പോകാൻ അനുവദിച്ചത്. രക്ഷപ്പെട്ട ഉടൻ തന്നെ യുവതി പോലീസിനെ വിവരമറിയിച്ചു.

പോലീസ് സ്ഥലത്തെത്തുമ്പോൾ പ്രതികളിലൊരാളായ ഉമേഷ് അവിടെത്തന്നെയുണ്ടായിരുന്നു. രക്തം വാർന്ന നിലയിലായിരുന്ന യുവതിയെ ഉടൻ തന്നെ പിതാംപുരയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

ഉത്തർപ്രദേശിൽ നിന്നുള്ള ഉമേഷ് കുമാർ, രാമേന്ദ്ര കുമാർ എന്നിവരാണ് ഈ കേസിലെ പ്രതികൾ. ഡ്രൈവറായ രാമേന്ദ്ര സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നെങ്കിലും പോലീസ് പിന്നീട് ഇയാളെയും പിടികൂടി. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.