ബെംഗളൂരു: വനിതാ ഡോക്ടറുടെ മരണത്തില്‍ ഡോക്ടറായ ഭര്‍ത്താവ് അറസ്റ്റില്‍. സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ്.സംഭവം നടന്ന് ആറു മാസത്തിന് ശേഷമാണ് ഭർത്താവ് അറസ്റ്റിലായത്.
ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ഡെര്‍മറ്റോളജിസ്റ്റായിരുന്ന ഡോ. കൃതിക റെഡ്ഡിയുടെ മരണത്തിലാണ് ഭര്‍ത്താവ് ഡോ. മഹേന്ദ്ര റെഡ്ഡിയെ പോലീസ് പിടികൂടിയത്. അമിതമായ അളവില്‍ അനസ്തേഷ്യയ്ക്കുള്ള മരുന്ന് കുത്തിവെച്ചാണ് ഭര്‍ത്താവ് കൃതികയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
ബോധരഹിതയായ കൃതികയെ ഭർത്താവ് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇവിടെ എത്തിയപ്പോഴേക്കും കൃതിക മരിച്ചു. സംഭവത്തിൽ മാറത്തഹള്ളി പോലീസ് സ്റ്റേഷനിൽ ആദ്യം അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 21-നായിരുന്നു കൃതിക ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ കാന്യുല സെറ്റും ഇന്ജക്ഷന് സെറ്റും മറ്റുചില മെഡിക്കല്‍ ഉപകരണങ്ങളും പരിശോധനയില്‍ കണ്ടെടുത്തു. ഇതിനിടെ വനിതാ ഡോക്ടറുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കും അയച്ചു. ഈ പരിശോധനയിലാണ് ശരീരത്തില്‍ അനസ്തേഷ്യയായി നല്കുന്ന മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്.
രാസപരിശോധനയില്‍ നിര്‍ണായകവിവരം ലഭിച്ചതോടെ മരുമകനെ സംശയമുണ്ടെന്ന് ആരോപിച്ച് കൃതികയുടെ പിതാവ് പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മണിപ്പാലില്‍നിന്ന് മഹേന്ദ്ര റെഡ്ഡിയെ കസ്റ്റഡിയിലെടുത്തത്.
അതേസമയം ഡോക്ടറായ പ്രതി, സംഭവം സ്വാഭാവിക മരണമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.കഴിഞ്ഞ വർഷം മേയ് 26 നാണ് ഇരുവരും വിവാഹിതരായത്. വിക്ടോറിയ ആശുപത്രിയിലെ ഡോക്ടർമാരായിരുന്നു ഇവർ.

