Spread the love

നവവത്സരദിനത്തില്‍ തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്നുവേട്ട. ഡോക്ടര്‍ അടങ്ങുന്ന സംഘം പിടിയില്‍ കണിയാപുരത്തെ ലഹരിവേട്ടയില്‍ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമടക്കം ഡോക്ടറും ബിഡിഎസ് വിദ്യാര്‍ത്ഥിനിയും ഉള്‍പ്പെടെ ഏഴുപേരെയാണ് പൊലീസ് പിടികൂടിയത്. കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തന്‍ (34) കൊട്ടാരക്കര സ്വദേശിനിയും ബിഡിഎസ് വിദ്യാര്‍ത്ഥിനിയുമായ ഹലീന (27) നെടുമങ്ങാട് മണ്ണൂര്‍ക്കോണം സ്വദേശി അസിം (29) കൊല്ലം ആയൂര്‍ സ്വദേശി അവിനാഷ് (29) തൊളിക്കോട് സ്വദേശി അജിത്ത് (30) പാലോട് സ്വദേശിനി അന്‍സിയ (37) കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരെയാണ് ആ?റ്റിങ്ങല്‍, നെടുമങ്ങാട് റൂറല്‍ ഡാന്‍സാഫ് സംഘം പിടികൂടിയത്.

 

കണിയാപുരം തോപ്പില്‍ ഭാഗത്തെ വാടകവീട്ടില്‍നിന്നാണ് ഇവരെ പിടികൂടിയത്. അസിം, അജിത്ത്, അന്‍സിയ എന്നിവര്‍ നേരത്തേയും നിരവധി ലഹരിക്കേസുകളില്‍ പ്രതികളായവരാണ്. ബംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് എത്തിച്ചത് ഇവര്‍ മൂവരുമാണ്. പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് ഇവര്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം സാധാരണ കഞ്ചാവ് എന്നിവ പ്രതികളില്‍ നിന്ന് കണ്ടെടുത്തു. പ്രതികളുടെ രണ്ട് കാറുകള്‍, രണ്ട് ബൈക്കുകള്‍, പത്ത് മൊബൈല്‍ഫോണുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കഠിനംകുളം പൊലീസിന് കൈമാറി.

വീടുവളഞ്ഞാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി കാറില്‍ പോവുകയായിരുന്ന അസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും പൊലീസ് ജീപ്പില്‍ കാറിടിപ്പിച്ചശേഷം ഇവര്‍ കടന്നുകളഞ്ഞു. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ ഇവര്‍ കണിയാപുരം ഭാഗത്തെ വാടകവീട്ടിലുണ്ടെന്ന വിവരം ലഭിച്ചു.