Spread the love

ഭോപാൽ: അഞ്ചുമാസം മുൻപ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ മരിച്ചനിലയിൽ. മധ്യപ്രദേശിലെ ഭോപാലിൽ നോയിഡ സ്വദേശിയായ ട്വിഷ ശർമ (33) എന്ന യുവതിയെ ആണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്ത്രീധന പീഡനവും നിർബന്ധിത ഗർഭഛിദ്രവുമാണ് മകളുടെ മരണത്തിന് കാരണമായതെന്നും ആരോപിച്ച് ട്വിഷയുടെ കുടുംബം രംഗത്തെത്തി.

അഞ്ചുമാസം മുൻപായിരുന്നു ഭോപാലിലെ അഭിഭാഷകനായ സമർഥ് സിങ്ങുമായി ട്വിഷയുടെ വിവാഹം.

ട്വിഷയുടെ പിതാവ് വിവാഹത്തിന് ശേഷം നൽകിയ 20 ലക്ഷം രൂപയുടെ ഓഹരി നിക്ഷേപങ്ങൾ തങ്ങളുടെ പേരിലേക്ക് മാറ്റാൻ ഭർത്താവ് സമർഥും ജഡ്ജി കൂടിയായ ഭർതൃമാതാവും നിരന്തരം യുവതിയെ സമ്മർദ്ദം ചെലുത്തിയിരുന്നതായി മാതാപിതാക്കൾ ആരോപിക്കുന്നു. കൂടാതെ അടുത്തിടെ ഗർഭിണിയായ ട്വിഷയെ ഭർതൃവീട്ടുകാർ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് ഇരയാക്കിയെന്നും ഇത് തന്റെ മകളെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തി.

അതേസമയം മരിക്കുന്നതിന് തൊട്ടുമുമ്പ് ട്വിഷ തന്റെ ദുരനുഭവങ്ങൾ ഫോണിലൂടെ അമ്മയോട് പങ്കുവെച്ചിരുന്നു. എന്നാൽ ഭർത്താവ് മുറിയിലേക്ക് വന്നതോടെ ആ സംഭാഷണം എല്ലാം നിന്നു. തുടർന്ന് ട്വിഷയെ ഫോണിൽ കിട്ടാതായതോടെ കുടുംബം ഭർതൃമാതാവിനെ ബന്ധപ്പെട്ടെങ്കിലും അവർ നിസ്സംഗത കാണിക്കുകയായിരുന്നു. പിന്നീട് മകളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്ന വിവരമാണ് കുടുംബത്തിന് ലഭിച്ചത്. ആശുപത്രിയിലെത്തിക്കാൻ ഭർതൃവീട്ടുകാർ മനപ്പൂർവ്വം വൈകിപ്പിച്ചതായും കുടുംബം സംശയിക്കുന്നു.