ക്രിസ്റ്റൃൻ ഔട്ട്റീച്ച് പാളി : സഭാ ബിഷപ്പുമാരെ അധിക്ഷേപിച്ച പി.സി.ജോർജിനും മകൻ ഷോണിനും ബിജെപി കോർകമ്മറ്റിയിൽ രൂക്ഷ വിമർശനം.
തിരുവനന്തപുരം: ക്രിസ്ത്യൻ ഔട്ട് റീച്ച് പാളിയെന്ന് ചൂണ്ടിക്കാട്ടി പി.സി. ജോർജിനും കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം. ക്രിസ്ത്യൻ ഔട്ട്റീച്ചിന്റെ പ്രചരണം ഏറ്റെടുത്തവർ വിമർശകരായി മാറിയെന്നാണ് കുറ്റപ്പെടുത്തൽ. ജോർജും മകനും ക്രൈസ്തവ സഭകൾക്കെതിരെ രംഗത്തിറങ്ങി ആക്രമിച്ചത് തിരിച്ചടിയായി എന്നും കമ്മിറ്റിയിൽ വിലയിരുത്തലുണ്ടായി.അനവസരത്തിൽ ജോർജും ഷോണും സഭാ മേലദ്ധൃക്ഷന്മാരെ വിമർശിച്ചത് വിശ്വാസികളിൽ എതിർപ്പുളവാക്കി. ബിജെപി നേതൃത്വം ക്രൈസ്തവ സഭകളെ കൂടെ നിർത്താൻ ശ്രമിക്കുമ്പോൾ ഇരുവരും വിമർശനം ഉയർത്തിയത് തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായതായി കമ്മറ്റി കുറ്റപ്പെടുത്തി. പൂഞ്ഞാറിലും പാലായിലും താനും മകനും വിജയിക്കുമെന്ന് പറയുമ്പോഴും തൊട്ടടുത്ത മന്ധലമായ കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രിയായ ജോർജ്കുരൃൻ വിജയിക്കുമെന്ന് പറയാൻ പോലും കഴിയാത്ത സ്വാർത്ഥതയാണ് ഇരുവർക്കുമെന്നും വിമർശനമുണ്ടായി.
ശോഭാ സുരേന്ദ്രനെതിരെയും കെ.സുരേന്ദ്രനെതിരെയും വിമർശനം ഉയർന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം മണ്ഡലം ശ്രദ്ധിച്ചാല്‍ പോരെന്നും മണ്ഡലം ശ്രദ്ധിച്ചവർ വിജയിച്ചുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖർ യോഗത്തിൽ പറഞ്ഞു.
കഴക്കൂട്ടവും ചാത്തന്നൂരും അതിന് ഉദാഹരണമാണ്. മണ്ഡലങ്ങള്‍ മാറിമാറി മത്സരിക്കുന്നതും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായിയെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ, പാലക്കാട്, ആറന്മുള തോല്‍വിയിലും യോഗത്തില്‍ രൂക്ഷ വിമർശനം ഉയർന്നു.
മണ്ഡലങ്ങളിൽ ഇൻചാർജുമാരെ നിയോഗിച്ചില്ല. പതിനഞ്ച് സീറ്റെങ്കിലും വിജയിക്കാമായിരുന്നു. 2016-ലെ ക്കാൾ വോട്ട് ശതമാനം കുറഞ്ഞു. എന്നിട്ടും ബിജെപി കേരളം ഔദ്യോഗിക പേജിൽ 16 ശതമാനത്തിലധികം വോട്ട് നേടിയെന്ന് തെറ്റായ വിവരം പങ്കുവെച്ചു.
സീറ്റുകൾ വീതം വെച്ചതിലും പാളിച്ചയുണ്ടായി. ട്വന്റി 20ക്ക് സീറ്റുകൾ നൽകിയത് പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചന നടത്താതെയാണ്. കൊടുങ്ങല്ലൂരും തൃപ്പൂണിത്തറയും പോലുള്ള ശക്തിമണ്ഡലങ്ങൾ ട്വന്റി 20ക്ക് നൽകിയതിലും കോർകമ്മറ്റിയിൽ വിമർശനം ഉണ്ടായി.

