Spread the love

മന്നം സമാധിയിൽ : ചെരുപ്പഴിയാത്ത വിവാദങ്ങൾ, നരസിംഹ റാവു മുതൽ രാധാകൃഷ്ണൻ വരെ

ചങ്ങനാശ്ശേരി : ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ചു. ഇതേ തുടർന്ന് ഉപരാഷ്ട്രപതിയുടെ പ്രോഗ്രാം പുനക്രമീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ.

 

അതേസമയം ഉപരാഷ്ട്രപതിയുടെ സുരക്ഷാപരിശോധനയുടെ ഭാഗമായി പോലീസ് സംഘം മന്നം സമാധിക്കുള്ളിൽ കയറാൻ ശ്രമിച്ചപ്പോഴാണ് എൻഎസ്എസ് എതിർപ്പുയർത്തിയത് എന്നാണ് എൻഎസ്എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. ക്ഷേത്രങ്ങളിൽ വിഐപി ദർശനം നടക്കുമ്പോൾ ശ്വാന പരിശോധന പോലെയുള്ളവ നടത്താറില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. മന്നം സമാധി എൻഎസ്എസിനെ സംബന്ധിച്ചിടത്തോളം വിശുദ്ധമായ സ്ഥലമാണ്. അത് കളങ്കപ്പെടുത്താൻ അനുവദിക്കില്ല.

 

എസ് ബി കോളേജിലെ പരിപാടിക്കായി എൻഎസ്എസ് മൈതാനത്താണ് ഉപരാഷ്ട്രപതി ഹെലികോപ്റ്റർ ഇറങ്ങുന്നത്. ചേർന്നുള്ള മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം കോളേജിലെ പരിപാടിക്ക് പോകാനായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ അത് നടക്കുകയില്ല എന്ന് മനസ്സിലാക്കിയതോടെ ഷെഡ്യൂൾ പുതുക്കി എന്നാണ് റിപ്പോർട്ടുകൾ.

 

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് എസ് ബി കോളേജിലെ പരിപാടി.

 

അതേസമയം എൻഎസ്എസ് നിലപാടിനെതിരെ എൻഎസ്എസ് മോചന കർമ്മ സമിതി രംഗത്ത് വന്നു.ഭാരതത്തിന്റെ രണ്ടാം പൗരനായ ഉപരാഷ്ട്രപതിയെ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തുന്നതിനെ വിലക്കുന്ന സുകുമാരൻ നായർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് എൻ എസ് എസ് മോചന കർമ്മ സമിതി ആവശ്യപ്പെട്ടു..

ഇതരമത പ്രചാരകനായ എൻ എസ് എസ് ഡയറക്ടറുടെ നിർദ്ദേശമാണോ എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ രാജ്യവിരുദ്ധ പ്രവർത്തിയ്ക്ക് നിദാനമെന്ന് ഞങ്ങൾ സംശയിക്കുന്നതായി മുക്കാപ്പുഴ നന്ദകുമാർ ആരോപിച്ചു.

 

മന്നം സമാധിയിലെ പുഷ്പാർച്ചന പലപ്പോഴും വിവാദമായിട്ടുണ്ട്. പ്രധാനമന്ത്രി പി വി നരസിംഹറാവു ചെരുപ്പഴിക്കാതെ സമാധിയിൽ എത്തി എന്നത് ഏറെക്കാലം കോൺഗ്രസിനെ വലച്ച വിവാദമാണ്. മറ്റു പല പ്രമുഖ രാഷ്ട്രീയ നേതാക്കളും അന്നും സമാധിയിൽ പുഷ്പാർച്ചന നടത്താതെ മടങ്ങേണ്ടി വന്നത് വിവാദമായിട്ടുണ്ട്. കേന്ദ്രമന്ത്രിയായിരുന്നപ്പോൾ ഓ രാജഗോപാലിനെ മന്നം സമാധിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചിരുന്നില്ല. അടുത്ത കാലത്ത് കോട്ടയം സ്വദേശിയായ ബംഗാൾ ഗവർണർ സിവി ആനന്ദബോസിനും മന്നം സമാധിയിൽ പുഷ്പാർച്ചനക്ക് ജനറൽ സെക്രട്ടറി സുകുമാരൻ നായർ അനുമതി നിഷേധിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ഈകാരൃം വൃക്തമാക്കിയത്.

 

എൻഎസ്എസുമായി

അടുത്തു നില്ക്കുന്ന ബിജെപി നേതാക്കൾക്ക് മാത്രമേ മന്നം സമാധിയിൽ പുഷ്പാർച്ചനക്ക് അവസരമുള്ളൂ എന്നാണ് പറയപ്പെടുന്നത് . കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഇതുവരെയും അനുമതി ലഭിച്ചിട്ടില്ല.

 

അതേസമയം അടുത്തിടെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കിയതിനെത്തുടര്‍ന്ന് ബി.ജെ.പിയുമായി എൻ.എസ്.എസ് അകലം പാലിച്ചിരുന്നു. വിശാല ഹിന്ദു ഐക്യമെന്ന ആശയത്തില്‍നിന്നും അപ്രതീക്ഷിതമായി എൻ.എസ്.എസ് പിന്മാറിയതിന് പിന്നാലെയാണ് ഉപരാഷ്ട്രപതിക്ക് അനുമതി നിഷേധിക്കുന്ന തരത്തിലുള്ള കടുത്ത നിലപാട് ജി. സുകുമാരന്‍ നായര്‍ സ്വീകരിച്ചിരിക്കുന്നത്.

ബിജെപി പശ്ചാത്തലമുള്ള ഉപരാഷ്ട്രപതിക്ക് എൻഎസ് എസിൽ വരവേല്പ് നൽകുന്നത് നിയമസഭാ തെരഞ്ഞടുപ്പ് അടുത്ത് വന്നസാഹചരൃത്തിൽ പല തെറ്റിദ്ധാരണകൾക്കും ഇടവരുത്തുമെന്നും സുകുമാരൻ നായർ കരുതുന്നു.