Spread the love

കോഴിക്കോട് : സംസ്ഥാനത്ത് പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുക്കുന്നു. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 23 പാമ്പ് കടിയേറ്റ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

കുറ്റ്യാടിയിൽ വീടിനുള്ളിൽ അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് വിഷപ്പാമ്പുകളെ കണ്ടെത്തിയത്. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വീട്ടിലെ വിവിധ മുറികളിൽ നിന്നായി പിടികൂടിയത്. കുട്ടികൾ കിടന്നുറങ്ങിയിരുന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. വീട്ടുകാർ ഉടൻ തന്നെ കുട്ടികളെ മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. തുടർന്ന് വീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് മറ്റ് മുറികളിലും പാമ്പുകൾ ഒളിച്ചിരിക്കുന്നത് കണ്ടെത്തിയത്.

അതേസമയം ചുവരിലെ വിള്ളലുകൾ വഴിയോ വാതിലിനടിയിലൂടെയോ ആകാം പാമ്പുകൾ അകത്ത് കടന്നതെന്നാണ് നിഗമനം. പിടികൂടിയ അഞ്ച് പാമ്പുകളെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിച്ചു.