Spread the love

കോട്ടയം: കേരളത്തിലെ ആദ്യ കലാലയങ്ങളില്‍ ഒന്നായ സിഎംഎസ് കോളജില്‍ വീണ്ടും വിദ്യാര്‍ഥി പോരും സംഘര്‍ഷവും.കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സിഎംഎസ് കോളജില്‍ ആരംഭിച്ച സംഘര്‍ഷം രാത്രി പത്തുവരെ നീണ്ടു.പോലീസ് എത്തി ചര്‍ച്ച നടത്തി ഫലപ്രഖ്യാപനം ഇന്നേക്കു മാറ്റുകയായിരുന്നു.

സിഎംഎസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്യു ഇത്തവണ വിജയിക്കുമെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരു ന്നു. അതിനാല്‍ത്തന്നെ കോളജില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായേക്കുമെന്ന കരുതലിലായിരുന്നു ഇരു സംഘടനകളിലെ പ്രവര്‍ത്തകരും പൊലീസും. എന്നാല്‍ വൈകിട്ട് നാലിനു തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് കെഎസ്യു നടത്തുന്നതെന്ന് ആരോപിച്ച് ജില്ലാ സെക്രട്ടറി ബി.ആഷിക്കിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഹാളിലേക്ക് പലതവണ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചു കയറാന്‍ ശ്രമിച്ചെങ്കിലും പോലീസും അധ്യാപകരും കെഎസ്യു പ്രവര്‍ത്തകരും ചേര്‍ന്ന് പ്രതിരോധിച്ചു. 4 തവണയാണ് തിരഞ്ഞെടുപ്പ് ഹാളില്‍ കയറാന്‍ പ്രവര്‍ത്തകര്‍ നേരിട്ട് ശ്രമിച്ചത്. തുടര്‍ന്ന് ക്യാംപസിന്റെ വിവിധ ഭാഗങ്ങളില്‍ കെഎസ്യു പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും നേരിട്ട് ഏറ്റുമുട്ടി. നിവൃത്തിയില്ലാതെ പൊലീസ് വ്യാപകമായി ലാത്തി ചാര്‍ജ് നടത്തി.

ഇതിനിടെ വിജയാഘോഷ പ്രകടനത്തിന് ശേഷം വൈകുന്നേരം ഏഴു മണിയോടെ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്യാംപസിന് പുറത്ത് തമ്പടിച്ചു. ഗേറ്റിന് മുന്‍പില്‍ ഇവരെ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിന് പിന്നാലെ കൊലവിളി മുദ്രാവാക്യങ്ങളും അസഭ്യവര്‍ഷവും ആരംഭിച്ചു.

ജില്ലാ പൊലീസ് മേധാവി എ.ഷാഹുല്‍ ഹമീദ് എത്തിയ പൊലീസ് വാഹനവും സിപിഎം ജില്ലാ നേതാക്കളെത്തിയ വാഹനവും ഗേറ്റിനു പുറത്ത് യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്നാണ് പോലീസ് നേതാക്കളുമായി ചര്‍ച്ച നടത്തി സംഘര്‍ഷം അവസാനിപ്പിക്കാനും ഫലപ്രഖ്യാപനം വെള്ളിയാഴ്ച്ചയിലേക്കു നീട്ടാനും ധാരണയായത്.