Spread the love

നിലമ്പൂര്‍: താന്‍ ഉപതിരഞ്ഞെടുപ്പിൽ പിടിച്ച വോട്ടുകള്‍ എല്‍ഡിഎഫിന്റേതെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അന്‍വര്‍. ഒന്‍പത് റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ അന്‍വര്‍ പതിനായിരത്തിലേറെ വോട്ട് സ്വന്തമാക്കിക്കഴിഞ്ഞിരുന്നു.

അതേസമയം താൻ പിടിച്ചത് യു.ഡി. എഫ് വോട്ടുകളാണ് എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അൻവർ തന്ന വന്നു കണ്ട മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പിണറായിസത്തിനെതിരെയാണ് താൻ വോട്ട് പിടിച്ചത്. ഭൂരിപക്ഷവും വോട്ടുകള്‍ പിടിച്ചിരിക്കുന്നത് എല്‍ഡിഎഫ് കാമ്പില്‍ നിന്നാണ്. വോട്ടിങ് പൂര്‍ത്തിയായി വോട്ടിങ് ശതമാനം പരിശോധിക്കുമ്പോള്‍ അത് മനസിലാകും. എം.പിമാരും എം.എല്‍.എമാരും തലകുത്തി മറിഞ്ഞിട്ടും 40 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോഴേക്കും തനിക്ക് 10000 വോട്ട് നേടാനായി.

വന്യജീവി പ്രശ്നങ്ങൾ പരിഹരിക്കാതെ 2026ൽ ആർക്കും എളുപ്പത്തിൽ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും അൻവർ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാൽ മലയോര സംഘടനകളെ കൂട്ടി ശക്തമായ ഇടപെടൽ നടത്തും. 130 കർഷക സംഘടനകളുടെ കോർഡിനേഷൻ ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രിമാരും എംപിമാരും തലകുത്തി മറിഞ്ഞ് അയ്യായിരത്തിന് അപ്പുറം വോട്ട് അൻവർ പിടിക്കില്ലെന്നാണ് പറഞ്ഞത്. മലയോര ജനതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറുപതോളം മണ്ഡലങ്ങളിൽ സജീവമാണെന്നും അൻ‌വർ പറഞ്ഞു.

കര്‍ഷക സംഘടനകളെ എകോപിപ്പിക്കാനുള്ള നടപടികള്‍ താൻ ഇതിനോടകം തുടങ്ങിക്കഴിഞ്ഞെന്നും അൻവർ പറഞ്ഞു. മലയോര മേഖലയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫിന്റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടായാല്‍ യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകും. അതല്ലെങ്കില്‍ ഒരു മൂന്നാം മുന്നണി കേരളത്തിലുണ്ടാകുമെന്നും പി.പി അന്‍വര്‍. അതുകൊണ്ട് യുഡിഎഫ് കണ്ണുതുറന്ന് കാണണമെന്നും പി.വി അന്‍വര്‍ വ്യക്തമാക്കി.

കൂടാതെ കണ്ണടച്ച് ഇരുട്ടാക്കാതെ കണ്ണു തുറന്നു കാണാൻ യുഡിഎഫ് നേതൃത്വം തയാറാകണം. യുഡിഎഫ് പ്രവേശനം ആലോചിക്കാൻ സമയമുണ്ട്. പിണറായിസത്തിനെതിരെയും ജനകീയസത്തിനെതിരെയുമുള്ള പോരാട്ടമാണ് നടക്കുന്നതെന്നും അൻവർ പറഞ്ഞു.

അതേസമയം പതിനാറാം റൗണ്ടിൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ച ഇടത് ക്യാംപിന് വലിയ നിരാശ. വെറും എട്ട് വോട്ടിൻ്റെ ലീഡാണ് ഈ റൗണ്ടിൽ എം സ്വരാജിന് നേടാനായത്. പാർട്ടി വോട്ടുകൾക്ക് അപ്പുറത്ത് നിഷ്‌പക്ഷ വോട്ടുകൾ സമാഹരിക്കാനായില്ല. സ്വരാജിൻ്റെ വ്യക്തി പ്രഭാവം പ്രചരണത്തിൽ ഒതുങ്ങി, ഇത് വോട്ടായില്ല. എൽഡിഎഫ് വോട്ടുകൾ അൻവറിലേക്ക് കാര്യമായി ചോർന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മുന്നിട്ടു നില്‍ക്കുകകയാണ്.