Spread the love

മലപ്പുറം വേങ്ങരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. വേങ്ങര സ്വദേശി അബ്ദുള്‍ വദൂദാണ് (18) മരിച്ചത്. തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് മരിച്ചത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു.

ഇന്ന് രാവിലെ ആറ്റിങ്ങലിലെ വീടിന് മുന്നില്‍ വൃദ്ധയെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. പൂവന്‍പാറ കൂരവ് വിള വീട്ടില്‍ ലീലാമണി ( 87) ആണ് മരിച്ചത്. വൈദ്യുതി പോസ്റ്റില്‍ നിന്ന് വീട്ടിലേക്ക് കണക്ഷന്‍ കൊടുത്തിരുന്ന ലൈനില്‍ നിന്നാണ് ഷോക്കേറ്റിരിക്കുന്നത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകള്‍ അശ്വതിയും മാത്രമാണ് വീട്ടില്‍ താമസം ഉണ്ടായിരുന്നത്.

ഇന്നലെ വൈകുന്നേരത്തോടെ ലീലാമണി സമീപത്തെ ഇലക്ട്രിഷ്യന്റെ വീട്ടില്‍ ചെന്ന് വീട്ടില്‍ കറണ്ടില്ലെന്ന് പറഞ്ഞിരുന്നു. രാവിലെ ഇലക്ട്രിഷന്‍ ലീലാമണിയുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈദ്യുതി ലൈന്‍ കയ്യില്‍ കുരുങ്ങിയ അവസ്ഥയിലാണ്. ഭിന്നശേഷിക്കാരിയായ മകളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് ലീലാമണി പുറത്തിറങ്ങിയത്.

തോട്ടത്തില്‍ പൊട്ടിവീണ കെഎസ്ഇബിയുടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകനും മരിച്ചിരുന്നു. പാലക്കാട് കൊടുമ്പ് ഓലശ്ശേരി സ്വദേശി മാരിമുത്തുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. സ്വന്തം തോട്ടത്തില്‍ തേങ്ങ എടുക്കാന്‍ പോയപ്പോഴാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. തോട്ടത്തിലെത്തിയ മാരിമുത്തു പൊട്ടിക്കിടന്ന കെഎസ്ഇബി ലൈന്‍ കമ്പിയില്‍ അറിയാതെ ചവിട്ടുകയായിരുന്നു.