ബെംഗളൂരു: 4 കാർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചു കത്തി ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ ആറുപേർ വെന്തുമരിച്ചു. കർണാടകയിലെ യാദ്ഗിർ ജില്ലയിലെ ഷോരാപൂരിൽ ആണ് അപകടം. കാറിലുണ്ടായിരുന്ന രണ്ടുകുട്ടികളെ രക്ഷപ്പെടുത്തി.
റായ്ചൂരു ജില്ലയിലെ സിർവാർ സ്വദേശി കൃഷ്ണ നായക് (48), ഭാര്യ അനന്ദലക്ഷ്മി (45), മകൾ നിസർഗ (28), നിസർഗയുടെ ഭർത്താവ് ശരണപ്പ (35), ഇവരുടെ മകൻ സിദ്ധാർഥ (മൂന്ന്), ശശികല (30) എന്നിവരാണ് മരിച്ചത്. ശരണപ്പയുടെ മക്കളായ അദ്വിക (അഞ്ച്), ശ്രീനിധി (ഒന്നര വയസ്സ്) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ കലബുറഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാദ്ഗിറിലെ ദേവപുരയിൽ വെള്ളിയാഴ്ചയായിരുന്നു അപകടം. ഷോരാപൂരിലെ സിർവറിൽ ശ്രീവേണുഗോപാൽസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ.
അതേസമയം ബസിലുണ്ടായിരുന്ന ഏതാനും പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

