Spread the love

കണ്ണീരും ദുരന്തവുമായി അവധിക്കാല അധ്യാപക വിനോദയാത്ര. സ്‌കൂള്‍ വിനോദയാത്രകള്‍ക്കുളള സുരക്ഷാ മാനദണ്ഡം ഉറപ്പാക്കണമെന്ന് ആവശ്യം

കൊച്ചി: അവധിക്കാല അധ്യാപക വിനോദയാത്ര നാടിന്റെ കണ്ണീരാകുന്നതിന് കേരളം സാക്ഷ്യം വഹിക്കുകയാണ്. മലപ്പുറത്തെ എല്‍ പിസ്‌കൂളിലെ അധ്യാപകരെ ഒന്നാകെ തന്നെ തുടച്ചു നീക്കുന്നതായി വാല്‍പ്പാറ അപകടം.അപകടത്തില്‍പെടുന്നതിന് മുമ്പ് ഡ്രൈവര്‍ അപായ സൂചന നല്‍കി തുടര്‍ന്നായിരുന്നു നിയന്ത്രണം വിട്ടു മറിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ പോയി രാത്രി തിരിച്ചുവരുന്ന ഏക ദിന ട്രിപ്പാണ് അറേഞ്ച് ചെയ്തത്.

2023 ല്‍ വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തെ തുടര്‍ന്ന് കുട്ടികളുമായുളള വിനോദയാത്രയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിഷ്‌കര്‍ഷിച്ചു. നിരയ്ക്ക് കുറയ്ക്കാന്‍ രാത്രികാല യാത്രകള്‍ക്ക് ടൂര്‍ ഓപറ്റേറ്റര്‍മാരും ചില സ്‌കൂള്‍ അധികൃതരും ശ്രമിക്കുന്നുവെന്ന് അന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതോടെയാണ് അടിമുടി പരിഷ്‌ക്കരിച്ചത്. യാത്ര പുറപ്പെടുന്നതിന് മുമ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു. പക്ഷേ ഇതെല്ലാം പിന്നീട് നാമമാത്രമായി. യാത്രയ്ക്ക് പോയ സ്‌കൂള്‍ ബസുകള്‍ തകരാറിലായ സംഭവങ്ങള്‍  റിപ്പോര്‍ട്ട് ചെയ്തിരുന്നു. രക്ഷിതാക്കള്‍ സംഘടിച്ച് സുരക്ഷയില്ലാത്ത യാത്രയ്‌ക്കെതിരെ പരാതി ഉയര്‍ത്തുകയും ചെയ്തു.

വിദ്യാര്‍ഥികളുമായുളള വിനോദയാത്രകള്‍ക്കു പുറമേ സ്റ്റാഫ് യാത്രകള്‍ വ്യാപകമായത് സമീപകാലത്താണ്. മധ്യവേനല്‍ അവധിക്ക് സ്‌കൂള്‍ അടച്ചശേഷമുളള കുടുംബയാത്രകളെപ്പോലെ തന്നെ ഇതും പലയിടത്തും വാര്‍ഷിക ഷെഡ്യൂളിലായിട്ടുണ്ട്.തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ചുളള ചില സിബിഎസ്ഇ സ്‌കൂളുകളിലാണ് ഇത്തരം യാത്രകള്‍ക്ക് തുടക്കമിട്ടത്. സ്‌കൂള്‍ മാനേജ്‌മെന്റുമായി യാതൊരു ബന്ധവുമില്ലാതെ അധ്യാപകര്‍ നേരിട്ട് നടത്തുന്ന യാത്രകളാണ് അധികം. സുരക്ഷയെക്കാള്‍ ഉപരിയായി ചെലവുചുരുക്കലും യാത്രാസമയം കുറയ്ക്കലിനുമാണ് പലപ്പോഴും ഇത്തരം യാത്രകള്‍ മുന്‍തൂക്കം നല്‍കുന്നത്. ട്രക്കിംഗും സ്വിമ്മിംഗും ഉളള യാത്രകള്‍ മാത്രം തെരഞ്ഞെടുക്കുന്നവരും കുറവല്ല. ഇത്തരം അധ്യാപക യാത്രകളുടെ റീലുകള്‍ സോഷ്യല്‍ മീഡിയയിലും അവര്‍ തന്നെ പ്രചരിപ്പിക്കാറുമുണ്ട്.മെയില്‍ ഫെമെയില്‍ അധ്യാപകര്‍ ഒരുമിച്ചും വെവ്വേറെയും ഉളള യാത്രകളും നടത്താറുണ്ട്. പലയാത്രകളും നടക്കുന്ന കാര്യം സ്‌കൂള്‍ അധികൃതര്‍ തന്നെ അറിയുന്നത് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുമ്പോഴാണ്.

പുതിയ കാലത്തിന്റെ വേഷവിതാനങ്ങളോടെ ചടുല സംഗീതം അകമ്പടിയായുളള നൃത്തവും കാംപ് ഫയറും ഒക്കെയുളളള അടിപൊളിയാത്രകളും ധാരാളം. അധ്യാപക സംഘങ്ങള്‍ മാത്രമുളള വിദേശ യാത്രകളും ധാരാളം. ഒരു പ്രമുഖ വിദ്യാലയ ഗ്രൂപ്പിന്റെ അധ്യാപക സംഘങ്ങളുടെ യാത്രയെക്കുറിച്ച് രക്ഷിതാക്കള്‍ തന്നെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വിദ്യാര്‍ഥികളെ സാഹസികയാത്രയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുളള റീലുകള്‍ പോസ്റ്റ് ചെയ്തതാണ് രക്ഷിതാക്കളെ ആശങ്കയിലാക്കിയത്.