Spread the love

വാൽപ്പാറ: കേരളത്തെ നടുക്കിയ വാൽപ്പാറ വാഹനാപകടം പാങ്ങ് ഗ്രാമത്തിന് ഒരു നൊമ്പരമായി മാറിയിരിക്കുന്നു. മരിച്ച ഒൻപതു പേരുടെയും മൃതദേഹങ്ങൾ മലപ്പുറത്തെത്തി. പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനം ആരംഭിച്ചു. പൊതുദര്‍ശനത്തിനുശേഷമായിരിക്കും സംസ്കാര ചടങ്ങുകള്‍. അര്‍ധരാത്രിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണു പൂര്‍ത്തിയായത്.

മരിച്ച എല്ലാവരുടെയും സംസ്കാരം ഉച്ചയ്ക്ക് മുൻപായി പൂർത്തിയാകും. മന്ത്രി വി ശിവൻകുട്ടി, പികെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സ്കൂളിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകുന്നേരം 5.15 ന് ആണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു.

പള്ളിപ്പറമ്പ് ഗവ.എൽപി സ്‌കൂളിലെ പ്രധാനാധ്യാപിക പി അജിത(54) മൃതദേഹം പൊതുദര്‍ശനത്തിനുശേഷം ആദ്യം പുലാമന്തോളിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ഷൊർണ്ണൂരിലാണ് സംസ്കാര ചടങ്ങുകള്‍. അധ്യാപിക റംലത്തിന്‍റെ (52) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ നടക്കും. അധ്യാപിക സുഹറയുടെയും (43) മകൻ ഹിഷാമിന്‍റെയും (12) സംസ്കാരം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബര്‍സ്ഥാനിൽ നടക്കും. അധ്യാപിക ആശയുടെ (41) മൃതദേഹം പൊതുദര്‍ശനത്തിനുശേഷം കൊളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് സംസ്കാരം നടക്കും. അധ്യാപകനായ അബ്ദുൽ മജീദിന്‍റെയും (43) ഭാര്യ റുഖിയയുടെയും (39) സംസ്കാരം മാട്ടാത്ത് ഖബര്‍സ്ഥാനിൽ നടക്കും. സ്‌കൂൾ പാചകത്തൊഴിലാളി സാജിതയുടെ (45) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബ്ർ സ്ഥാനിൽ നടക്കും. പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിന് അടുത്തുള്ള ജിയുപി സ്കൂളിലെ അദ്ധ്യാപിക ഷക്കീനയുടെ (37) സംസ്കാരം പാങ്ങ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനിൽ നടക്കും.