Spread the love

കോട്ടയം: പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് മാത്യു അത്തിയാലില്‍ ബിജെപിയില്‍.

സിപിഎം പൂഞ്ഞാര്‍ തെക്കേക്കര ലോക്കല്‍ സെക്രട്ടറി, പൂഞ്ഞാര്‍ ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജോര്‍ജ് മാത്യു കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍നിന്നു പാര്‍ട്ടി ചിഹ്നത്തിലാണ് വിജയിച്ചത്.

34 വര്‍ഷമായി സജീവ സിപിഎം പ്രവര്‍ത്തകനും ലോക്കല്‍ സെക്രട്ടറി അടക്കമുള്ള പദവികള്‍ വഹിക്കുകയും പാര്‍ട്ടി സ്ഥാനാര്‍ഥിയായി കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്ത ജോര്‍ജ് മാത്യുവാണ് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്
2020ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും സീറ്റുകള്‍ തുല്യമായി വന്നതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് പൂഞ്ഞാര്‍ തെക്കേക്കരയില്‍ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ജനപക്ഷ അംഗങ്ങളുടെ പിന്തുണയോടെയാണ് സിപിഎം അംഗമായ ജോര്‍ജ് മാത്യു തെരഞ്ഞെടുക്കപ്പെട്ടത്.

ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മറ്റിയും വിഷയം ചര്‍ച്ച ചെയ്യുകയും പി.സി. ജോര്‍ജിന്റെ പിന്തുണ വേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജോര്‍ജ് മാത്യു വഴങ്ങിയില്ല. തുടര്‍ന്ന് പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. കോണ്‍ഗ്രസ് പിന്നീട് അവിശ്വാസം കൊണ്ടുവന്നെങ്കിലും ബിജെപിയിലേക്ക് ചേക്കേറിയ ജനപക്ഷത്തിന്റെ പിന്തുണ അപ്പോഴും ജോര്‍ജ് മാത്യുവിന് ഒപ്പമായിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷവും പ്രസിഡന്റുസ്ഥാനത്ത് തുടരാന്‍ ജോര്‍ജ് മാത്യുവിനായി.തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ജോര്‍ജ് മാത്യുവിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ചടങ്ങില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ്, മിനര്‍വ മോഹന്‍ എന്നിവരും പങ്കെടുത്തു.