Spread the love

തിരുവനന്തപുരം: സ്വയം തീര്‍ത്ത വാരിക്കുഴിയില്‍ അകപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം നഷ്ടപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് പകരക്കാരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമാണെങ്കിലും ഒരു പേരിലേക്ക് ഇതുവരെ ചര്‍ച്ച എത്തിയിട്ടില്ലെന്നാണ് അറിയുന്നത്.

യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി ശ്രാവണ്‍ റാവു കേരള നേതാക്കളെ കണ്ടു. തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ നിയമിക്കാതെ മുന്നോട്ടു പോകാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിച്ചു.

നിലവിലെ സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി, കെഎസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്, ബിനു ചുള്ളിയില്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്.

രമേശ് ചെന്നിത്തല അബിന്‍ വര്‍ക്കിയെ പിന്തുണയ്ക്കുന്നു. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷത്തിലേറെ വോട്ടു നേടിയ അബിനെ പ്രസിഡന്റ് ആക്കാതിരുന്നാല്‍ സ്വാഭാവിക നീതി നിഷേധമാകുമെന്നാണ് ഐ ഗ്രൂപ്പ് വാദിക്കുന്നത്.

കെ എം അഭിജിത്തിന്റെ പേരാണ് എ ഗ്രൂപ്പ് മുന്നോട്ടു വെക്കുന്നത്. കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന പക്ഷം ബിനു ചുള്ളിയിലിനെയും നിര്‍ദേശിക്കുന്നു. ഒ ജെ ജനീഷും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.

ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് ഒഴിവു വന്നത്. യൂത്ത് കോണ്‍ഗ്രസിന് അധ്യക്ഷനില്ലാത്തത് സംഘടനാപരമായ പല പ്രശ്‌നങ്ങളും നിലവില്‍ ഉണ്ടാക്കുന്നുണ്ട്.