Spread the love

സംവിധായകന്‍ പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശന്‍ മലയാള സിനിമയില്‍ ഇതിനോടകം തന്റേതായ ഇരിപ്പിടം ഉറപ്പിച്ച താരമാണ്. താരം നായികയായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ലോക: ചാപ്റ്റര്‍ 1 ചന്ദ്ര എന്ന ചിത്രം ഇപ്പോള്‍ തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.

ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിച്ച ചിത്രത്തിന്റെ ക്രൂവിനെ അഭിനന്ദിച്ചു കൊണ്ടാണ് പ്രിയങ്ക സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ നാലിനാണ് ലോകയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. ‘ഇന്ത്യയിലെ ആദ്യത്തെ വനിതാ സൂപ്പര്‍ ഹീറോ ഇതാ ഇവിടെ. ദുല്‍ഖര്‍ സല്‍മാനും ലോക ടീമിനും അഭിനന്ദനങ്ങള്‍. ഈ കഥ മലയാളി ഹൃദയങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഹിന്ദിയിലും പുറത്തിറങ്ങിയിരിക്കുന്നു. ചിത്രം ഞാനെന്റെ വാച്ച്ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. നിങ്ങളോ?’ , എന്നാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.

ലോകയുടെ ഹിന്ദി പതിപ്പിന്റെ ട്രെയ്ലര്‍ ലിങ്കും പ്രിയങ്ക സ്റ്റോറിയില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ദുല്‍ഖര്‍, കല്യാണി പ്രിയദര്‍ശന്‍, ഡൊമനിക് അരുണ്‍ തുടങ്ങി പ്രധാന ക്രൂ അംഗങ്ങളെ ടാഗ് ചെയ്തു കൊണ്ടാണ് താരം സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിങ്ങളെന്റെ റിയല്‍ ലൈഫ് സൂപ്പര്‍ ഹീറോയാണ്. എന്റെ ഏറ്റവും വലിയ പ്രചോദനവും, നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്കയുടെ സ്റ്റോറി കല്യാണി റീഷെയര്‍ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടി ആലിയ ഭട്ടും ലോകയെ പ്രശംസിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.