ആർച്ചുബിഷപ്പ് ജോസഫ് പൗവത്തിൽ ഫൗണ്ടേഷൻ്റെ ഉദ്ഘാടനം ശനിയാഴ്‌ച
കേരളത്തിൻ്റെ മത സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മണ്‌ഡലങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുകയും ഒപ്പം ആഗോളസഭയുടെ ദർശനങ്ങളിൽ വ്യക്തവും കൃത്യവുമായ ഇടപെടലുകൾ നടത്തുകയും ചെയ്‌ത ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സംഘ ത്തിന്റെ തലവനും ഇൻ്റർ ചർച്ച് കൗൺസിലിൻ്റെ അധ്യക്ഷനും ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലിത്തയുമായിരുന്ന ദിവംഗതനായ അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിന്റെ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ആർച്ച് ബിഷപ്പ് ജോസഫ് പവ്വത്തിൽ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു പബ്ലിക് ട്രസ്റ്റ് രൂപീകൃതമായി. ചങ്ങനാശ്ശേരി രൂപതാദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ രക്ഷാധികാരിയും ബിഷപ് മാർ തോമസ് പാടിയത്ത് ആദ്യ ട്രസ്റ്റിയും, മുൻ വൈസ് ചാൻസിലർ ഡോ.സിറിയക് തോമസ് ചെയർമാനും, റവ. ഡോ. ഫിലിപ്പ് നെൽപ്പുരപറമ്പിൽ വൈസ് ചെയർമാനും, ഡോ. പി.ജെ. തോമസ് സെക്രട്ടറിയും, റവ. ഫാ. ജെയിംസ് കുന്നത്ത് ജോയിൻ്റ് സെക്രട്ടറിയും, അഡ്വ. അബ്രാഹം ജോർജ് പറമ്പിൽ ട്രഷറ്റുമായുള്ള ട്രസ്റ്റിൻ്റെ ആസ്ഥാനം ചങ്ങനാശ്ശേരി ആയിരിക്കും.
പവ്വത്തിൽ പിതാവിൻ്റെ ദർശനങ്ങളും പ്രബോധനങ്ങളും പുസ്‌തകങ്ങളും സംരക്ഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുന്നതോടൊപ്പം അദ്ദേഹം ആധികാരികമായി ഇടപെട്ട വൈജ്ഞാനിക മേഖലകളായ ഇന്ത്യൻ ഭരണഘടനയും ന്യൂനപക്ഷാവ കാശങ്ങളും, പൊതുവിദ്യാഭ്യാസം, മാധ്യമ ഇടപെടലുകൾ, സഭൈക്യ സംരംഭങ്ങൾ, മതാന്തരസംവാദം, സീറോ മലബാർ സഭയുടെ ആരാധനാക്രമവും ദൈവശാസ്ത്രവും പരിവർത്തിത ക്രൈസ്‌തവരുടെ നിഷേധിക്കപ്പെടുന്ന നീതി എന്നീ തലങ്ങളിൽ ഗവേഷണ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് ഫൗണ്ടേഷൻ്റെ ലക്ഷ്യം. അതിനായി സെമിനാറുകൾ, കോൺഫറൻസുകൾ എന്നിവ സംഘടിപ്പിക്കുയും ഒപ്പം ഈ മേഖലകളിലെ മികച്ച സംഭാവനകളെ ആദരിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന പ്രവർത്തന പദ്ധതികളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്.
ട്രസ്റ്റിന്റെ ഉദ്ഘാടനം ഫെബ്രുവരി 21 ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശ്ശേരി കുരിശുമൂട്ടിലുള്ള മീഡിയ വില്ലേജിൽവെച്ച് ബോംബെ ആർച്ച്ബിഷപ്പ് ഇമെറിറ്റേസ് കാർഡിനൽ ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം നിർവഹിക്കും. സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ അധ്യക്ഷനായിരിക്കും. മാർ ജോസഫ് കല്ലറങ്ങാട്ട് അനുസ്‌മരണ പ്രഭാഷണം നടത്തും. മാർ തോമസ് തറയിൽ, മാർ ജോസഫ് പെരുന്തോട്ടം. മാർ തോമസ് പാടിയത്. മാർ ജോസ് പുളിക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. മൂൻ വൈസ് ചാൻസിലർ ഡോ.ജാൻസി ജെയിംസ്, ഇൻ്റർ റിലീജിയസ് ഫൗണ്ടേഷൻ സെക്രട്ടറിയായിരുന്ന ടി. മുരളി വല്ലഭൻ എന്നിവർ ആശംസകൾ നേരും. ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.സിറിയക് തോമസ് സ്വാഗതവും സെക്രട്ടറി ഡോ. പി.ജെ. തോമസ് നന്ദിയും പറയും.
Archbishop’s House, P.B. No. 20, Changanacherry P.O., Kottayam, 686 101, Kerala, India.
Phone: 9447806302 e-mail: Info@ajpf.in

