തൃശൂര്‍: വരന്തരപ്പള്ളിയിലെ അർച്ചനയുടെ മരണം ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൊലപാതകം എന്ന് കരുതാനുള്ള തെളിവുകൾ പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക കണ്ടെത്തലിൽ ഇല്ല. അതേസമയം മരണസമയത്ത് വീട്ടിൽ ഭർത്താവ് ഷാരോൺ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തല്‍.
അങ്കണവാടിയിൽ പോയിരുന്ന സഹോദരിയുടെ കുട്ടിയെ വിളിക്കാൻ അമ്മ പോയ സമയത്തായിരുന്നു അർച്ചന തീകൊളുത്തിയത്. ആത്മഹത്യ ഭർതൃ വീട്ടിലെ പീഡനം മൂലമാണെന്നും ശാരീരികമായും മാനസികമായും ഭർത്താവ് ഷാരോൺ അർച്ചനയെ ഉപദ്രവിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ, അർച്ചനയുടെ മരണത്തിന് തൊട്ടുമുമ്പ് ഭർതൃവീട്ടിൽ അനുഭവിച്ച കടുത്ത പീഡനങ്ങളുടെ പശ്ചാത്തലത്തിൽ, ഭർത്താവ് ഷാരോൺ, അമ്മായിയമ്മ രജനി എന്നിവർക്കെതിരെ പോലീസ് സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്തു. ഇരുവരെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മനയ്ക്കലക്കടവ് വെളിയത്തുപറമ്പില് ഹരിദാസിന്റെയും ജിഷയുടെയും മകളാണ് മരിച്ച അര്‍ച്ചന. 20 വയസായിരുന്നു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയിലാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.
വീട്ടിനുള്ളില്‍വെച്ച് തീകൊളുത്തിയ അര്‍ച്ചന, ദേഹമാസകലം തീപടര്‍ന്നതോടെ വീട്ടില്‍നിന്ന് ഇറങ്ങിയോടി പിറകുവശത്തെ കാനയില്‍ ചാടിയതാണെന്നാണ് നിഗമനം. അതേസമയം സംഭവസമയത്ത് അര്‍ച്ചന മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭര്‍തൃമാതാവ് പേരക്കുട്ടിയെ അങ്കണവാടിയില്‍നിന്ന് വിളിക്കാനായി പോയതായിരുന്നു.
അതേസമയം വിശദമായ അന്വേഷണത്തിനു ശേഷമേ സംഭവം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. ]സംഭവത്തില്‍ ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷാരോണും അര്‍ച്ചനയും ഏറെനാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹിതരായത്. അര്‍ച്ചന ഭര്‍തൃവീട്ടില്‍ മാനസികവും ശാരീരികവുമായ പീഡനം നേരിട്ടുവെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ഷാരോണ്‍ അര്‍ച്ചനയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

