കോട്ടയം: ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്മസ് ദിനങ്ങളിലേക്ക് ലോകം. കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഭവനങ്ങളിലും ലോകരക്ഷകന്റെ ജനനം പ്രാര്‍ഥനാനിര്‍ഭരമായി ആഘോഷിക്കാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പള്ളികളില്‍ ക്രിസ്മസ് കൂട്ടായ്മകളും സംഗമങ്ങളും തുടങ്ങിക്കഴിഞ്ഞു. വീടുകളില്‍ പുല്‍ക്കൂട് ഒരുക്കി പ്രപഞ്ചനാഥനെ വരവേല്‍ക്കാനുളള ക്രമീകരണങ്ങളിലാണ്. കാരള്‍ സര്‍വീസ്, ഗാനശുശ്രൂഷ ഇവയും ആരംഭിച്ചു. തൃശൂര്‍ ലൂര്‍ദ് കത്തീഡ്രലില്‍ 70 അടി ഉയരമുളള ഭീമന്‍ ക്രിസ്മസ് ട്രീയാണ് ആഘോഷങ്ങളിലെ മുഖ്യശ്രദ്ധാ കേന്ദ്രം.
കോട്ടയം സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ മര്‍ത്തമറിയം യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ് ആഘോഷം 5.30നു പള്ളി അങ്കണത്തില്‍ നടക്കും. പൊതുസമ്മേളനം മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് തിയളോജിക്കല്‍ സെമിനാരിയുടെ പ്രസിഡന്റ് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് ഉദ്ഘാടനം ചെയ്യും. കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാബാവായുടെ സ്മരണാര്‍ഥമുള്ള പാര്‍പ്പിട സമുച്ചയത്തിന്റെ താക്കോല്‍ സമര്‍പ്പണവും മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വിതരണവും ചാണ്ടി ഉമ്മന്‍ എംഎല്‍എ നിര്‍വഹിക്കും. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ക്രിസ്മസ് സന്ദേശം നല്‍കും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വിജയികളെ അനുമോദിക്കും. യൂത്ത് അസോസിയേഷന്റെ ക്രിസ്മസ് ചാരിറ്റി ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും നടക്കും. തുടര്‍ന്നു ക്രിസ്ത്യന്‍ ഫ്യൂഷന്‍ സംഗീത വിരുന്ന്.

