വയനാട്ടില്‍ മുണ്ടക്കെെയിലും ചൂരല്‍ മഴയിലും ശക്തമായ മഴ തുടരുന്നതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെയും റവന്യു ഉദ്യോഗസ്ഥരെയും നാട്ടുകാർ തടഞ്ഞു.
കഴിഞ്ഞ ഉരുള്‍പൊട്ടല്‍ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം പുന്നപ്പുഴയിൽ അസാധാരണമായ നിലയിൽ നീരൊഴുക്കു വർധിച്ചു. വില്ലേജ് റോഡിൽ വെള്ളം കയറി. ചൊവ്വാഴ്ച വൈകിട്ട് മുതൽ ശക്തമായ മഴയാണ് ഈ മേഖലയിൽ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഉരുൾപൊട്ടലിനു പിന്നാലെ സൈന്യം പുഴയ്ക്കു കുറുകെ സ്ഥാപിച്ച ബെയ്ലി പാലത്തിനു സമീപത്തെ മുണ്ടക്കൈ റോഡിലും വെളളം കയറിയ സ്ഥിതിയാണ്. ബെയ്ലി പാലത്തിനപ്പുറം റാണിമല, ഹാരിസൺസ് എസ്റ്റേറ്റുകളിൽ ജോലിക്കു പോയവരിൽ ചിലർ മഴയത്ത് ഒറ്റപ്പെട്ടു. ഇവരെ സുരക്ഷിതമായി മടക്കിയെത്തിക്കാൻ ശ്രമം തുടങ്ങി.
അതേസമയം മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയമുണ്ടെന്ന് നാട്ടുകാരാണ് പറഞ്ഞത്. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറഞ്ഞത്.

