പള്ളുരുത്തി: ഇടക്കൊച്ചിയിൽ വാനില്‍ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ട സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവിനെ കൊന്നതാണെന്ന് പോലീസ് കണ്ടെത്തി. പെരുമ്പടപ്പ് പാര്‍ക്ക് റോഡില്‍ വഴിയകത്ത് വീട്ടില്‍ ആഷിഖി (30) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ സുഹൃത്തായ പള്ളുരുത്തി തോപ്പില്‍ വീട്ടില്‍ ഷഹാനയെ (32) യും അവരുടെ ഭര്‍ത്താവ് ഷിഹാബി (39) നെയും പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ആഷിക്ക് തനിക്ക് വാഹനാപകടം പറ്റിയതായി വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയപ്പോൾ വണ്ടിയുടെ ഡ്രൈവിങ് സീറ്റിൽ ആഷിക്ക് മരിച്ച നിലയിലായിരുന്നു എന്നാണു ഷഹാന പൊലീസിനോട് പറഞ്ഞത്. എന്നാൽ, സംഭവത്തിൽ ദുരൂഹത തോന്നിയ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.
കഴിഞ്ഞ കുറച്ചു കാലമായി ആഷിക്കും ഷഹാനയും പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഭർത്താവ് ഷിഹാബ്, ഷഹാനയെക്കൊണ്ട് ആഷിക്കിനെതിരെ പീഡന പരാതി കൊടുപ്പിച്ചു. തുടർന്ന്, ആഷിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആഷിക്ക് തന്റെ പക്കലുള്ള ഷഹാനയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഷിഹാബിനെയും ഷഹാനയെയും നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മൊഴി. അതേസമയം ആഷിക്കിനെ കൊലപ്പെടുത്തുമെന്ന് ഷിഹാബ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ആഷിക്കിന്റെ ബന്ധുക്കൾ പറഞ്ഞു.
അതേസമയം സംഭവം ആത്മഹത്യയാണെന്നാണ് ആദ്യം പോലീസും കരുതിയത്. പിന്നീട്, ആഷിഖിനെ കൊന്നതാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയതോടെ, ഷഹാനയെയും ഭർത്താവ് ഷിഹാബിനെയും പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് വിവരങ്ങൾ പുറത്ത് വരുന്നത്

