Spread the love

യു.ഡി.എഫില്‍ സീറ്റ് ചര്‍ച്ച അവസാന ഘട്ടത്തിൽ.ലീഗിന് കഴിഞ്ഞ തവണത്തെ 27 സീറ്റ് തന്നെ നൽകും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഏറ്റുമാനൂർ കുട്ടനാട് ഇടുക്കി സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ശ്രമിച്ചു വരികയാണ്. ഈ സീറ്റുകൾ കോൺഗ്രസിന് ലഭിച്ചാൽ യുഡിഎഫിന്റെ അംഗസംഖ്യ വർദ്ധിപ്പിക്കാൻ ആകും എന്നാണ് കണക്കുകൂട്ടൽ.

 

കഴിഞ്ഞതവണയും 27 സീറ്റിലാണ് മുസ്ലിം ലീഗ്ത്സരിച്ചത്. ഇതില്‍ 25 സീറ്റില്‍ കോണി ചിഹ്നത്തിലും രണ്ടിടത്ത് സ്വതന്ത്ര ചിഹ്നത്തിലുമായിരുന്നു. ചില സീറ്റ് വെച്ചുമാറല്‍ സംബന്ധിച്ച് ചര്‍ച്ചയായെങ്കിലും ഇതില്‍ തിരുവമ്പാടി മാത്രമാണ് ധാരണയായത്. ഇതിന് പകരം ലീഗിന് മറ്റൊരു സീറ്റ് കൊടുക്കും. തിരുവമ്പാടി കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ഇവിടെ മലപ്പുറം ഡി.സി.സി അധ്യക്ഷന്‍ വി.എസ്. ജോയിയെ മത്സരിപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.കേരള കോൺഗ്രസ് മാണി വിഭാഗം  എത്തിയിരുന്നുവെങ്കിൽ അവർക്ക് നൽകാനായിരുന്നു ആദ്യം ആലോചന.

 

നിലവില്‍ മുസ്ലിം ലീഗുമായും ആര്‍.എസ്.പിയുമായിട്ടാണ് സീറ്റ് ചര്‍ച്ചകള്‍ ഏകദേശം പൂര്‍ത്തിയായത്. കേരള കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്ലും ഇന്ന് തീരുമാനമാവും.

കഴിഞ്ഞ തവണ പത്ത് സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ നാല് സീറ്റെങ്കിലും വിട്ടുനല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരു സീറ്റും വിട്ട് നല്‍കില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാലും മൂന്ന് സീറ്റെങ്കിലും കിട്ടുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. ഇടുക്കി, കുട്ടനാട്, ഏറ്റുമാനൂര്‍ മണ്ഡലം ഉള്‍പ്പെടും. ഇടുക്കിയില്‍ റോഷിക്കെതിരെ ശക്തനായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ വിജയിക്കാമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിന് സജ്ജമാവാന്‍ ഇടുക്കി ഡിസിസിയോട് സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

ഏറ്റുമാനൂർ സീറ്റിൽ കോൺഗ്രസ് മത്സരിച്ചാൽ വിജയിക്കുമെന്ന് തന്നെയാണ് കണക്കുകൂട്ടൽ. കുമരകം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസ് വിജയിച്ചതോടെ യുഡിഎഫ് ക്യാമ്പിലെ വിശ്വാസം വർധിച്ചു. കഴിഞ്ഞതവണ കേരള കോൺഗ്രസിന് നൽകിയിട്ടും വിജയിക്കാനായില്ല.ഇതാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഏറ്റുമാനൂർ കോൺഗ്രസിന് ലഭിച്ചാൽ നാട്ടകം സുരേഷ്, ഗോപകുമാർ, വൈശാഖ് എന്നിവർക്കാണ് സാധ്യത.

ലീഗിന് പൊതുവെ വിജയ സാധ്യത കുറഞ്ഞ കോങ്ങാട്, പുനലൂര്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ ലീഗ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. പക്ഷെ പകരം ഏത് സീറ്റ് നല്‍കുമെന്ന കാര്യത്തില്‍ ധാരണയായിട്ടില്ല. കളമേശ്ശേരി ലീഗില്‍നിന്നു കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന നിര്‍ദേശം വന്നെങ്കിലും ഇതിലും തീരുമാനമാകേണ്ടതുണ്ട്. കളമശ്ശേരിയില്‍ എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെ മത്സരിപ്പിച്ചാല്‍ വിജയിപ്പിച്ചെടുക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍.

വി ഡി സതീശൻ നയിക്കുന്ന കേരള യാത്ര തുടങ്ങുന്നതിന് മുമ്പ് സീറ്റ് വിഭജനത്തിൽധാരണയിലെത്താനാണ് ശ്രമം.