Spread the love

പുളിക്കക്കണ്ടം ബ്ലോക്കിനെ തളളി കോണ്‍ഗ്രസ്, പാലാ നഗരസഭാ ഭരണം പ്രതിസന്ധിയില്‍. കടിഞ്ഞാണ്‍ കേരള കോണ്‍ഗ്രസ് എം ലേക്കോ

കോട്ടയം: പാലാ നഗരസഭയില്‍ പുളിക്കകണ്ടം ഗ്രൂപ്പിനെതിരെ കോണ്‍ഗ്രസ്. ഇനി യോജിച്ചുപോകാനാവില്ലെന്നാണ് നിലപാട്. ഇതോടെ സ്വതന്ത്ര സഖ്യത്തിന്റെ പിന്തുണയോടെയുളള യുഡിഎഫ് ഭരണം വഴിപിരിയുന്ന ഘട്ടത്തിലെത്തി. പാലാ നഗരസഭ വര്‍ഷങ്ങള്‍ക്കു ശേഷം യുഡിഎഫ് തിരിച്ചു പിടിച്ചത് പുളിക്കക്കണ്ടം സ്വതന്ത്ര ബ്ലോക്കിലെ മൂന്നംഗങ്ങളുടെ പിന്തുണയോടെയായിരുന്നു. പക്ഷേ കൊട്ടാരമറ്റം ഓട്ടോസ്റ്റാന്റ് വിഷയവും കേസും വഴക്കുമായതോടെ കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ മാറി ചിന്തിച്ചു തുടങ്ങി. . മാണി സി.കാപ്പന്റെ വസതിയില്‍ ഇന്നലെ വൈകിട്ട് യുഡിഎഫ് നേതാക്കളായ കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മാണി സി.കാപ്പന്‍ എംഎല്‍എ, ഫില്‍സണ്‍ മാത്യൂസ്, ബിജു പുന്നത്താനം, സതീഷ് ചൊള്ളാനി, എന്‍.സുരേഷ്, ജോര്‍ജ് പുളിങ്കാട് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലും പ്രശ്‌ന പരിഹാരമായില്ല.6 കോണ്‍ഗ്രസ് അംഗങ്ങളില്‍ 5 പേര്‍ നഗരസഭാധ്യക്ഷ ദിയ ബിനുവിനും സ്വതന്ത്ര കൂട്ടായ്മയ്ക്കുമുള്ള പിന്തുണ തുടരില്ലെന്നു കാണിച്ച് യുഡിഎഫ് നേതൃത്വത്തിനു കത്ത് നല്‍കി. ഒപ്പം സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും കത്തില്‍ ഒപ്പിട്ടുണ്ട്.

യുഡിഎഫിലെ 3 കേരള കോണ്‍ഗ്രസ് അംഗങ്ങളും ഒരു കെഡിപി അംഗവും സ്വതന്ത്ര കൂട്ടായ്മയ്‌ക്കൊപ്പമാണ്. 26 അംഗ നഗരസഭയില്‍ കോണ്‍ഗ്രസിന് 6, കേരള കോണ്‍ഗ്രസിന് 3, കെഡിപി 1, സ്വതന്ത്ര കൂട്ടായ്മ 3, സ്വതന്ത്ര 1 എന്നിങ്ങനെ 14 പേരുടെ പിന്തുണയുമായാണു യുഡിഎഫ് ഭരിക്കുന്നത് ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് (എം) 10, സിപിഎം അങ്ങനെ 12 കൗണ്‍സിലര്‍മാരാണ് പ്രതിപക്ഷ നിരയില്‍. പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മയുമായി ഒരു തരത്തിലുമുള്ള ധാരണ ഉണ്ടാക്കുകയോ പിന്തുണ സ്വീകരിക്കുകയോ ചെയ്യുകയില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ല പ്രസിഡന്റ് ലോപ്പസ് മാത്യു വ്യക്തമാക്കികഴിഞ്ഞു.

ഇതോടെ ഭരണത്തില്‍ വീണ്ടും മാണി ഗ്രൂപ്പ് റോള്‍ നിര്‍ണായകമായി. യുഡിഎഫ് ഭരണം തുടരണമെങ്കില്‍ മൂന്ന് കൗണ്‍സിലര്‍മാരുടെ പിന്തുണ വേണം. സ്വതന്ത്രബ്ലോക്കുമായി വഴിപിരിഞ്ഞാല്‍ പിന്നെ ഭരണവുമായി മുന്നോട്ടുപോകാനാവില്ല. പുളിക്കക്കണ്ടം ഗ്രൂപ്പുമായി ഒരു ധാരണയും വേണ്ടെന്നുളളത് കേരള കോണ്‍ഗ്രസ് എമ്മിന്റെ പ്രഖ്യാപിത നിലപാടാണ്. ജോസ് കെ മാണിയ്‌ക്കെതിരെ ബിനു പുളിക്കക്കണ്ടം പരസ്യമായി ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവിശ്വാസം വന്നാല്‍ ഭരണ പ്രതിസന്ധിയാവും. മാണി ഗ്രൂപ്പ് പിന്തുണയ്ക്കുകയോ വിട്ടു നില്‍ക്കുകയോ ചെയ്താല്‍ മാത്രമേ യുഡിഎഫിന് തുടരാകൂ. അല്ലെങ്കില്‍ കേരള കോണ്‍ഗ്രസ് എം യുഡിഎഫിനെ പിന്തുണയ്ക്കണം. അത്തരത്തിലുളള ഒരു രാഷ്ട്രീയ നിലപാട് മാണി വിഭാഗം എടുത്താല്‍ അത് പുതിയ സഖ്യത്തിന് വഴിതെളിക്കും. പക്ഷേ എല്‍ഡിഎഫിലെ ഒരു മുന്നണിക്ക് അങ്ങനെ ചെയ്യാന്‍ രാഷ്ട്രീയ പരിമിതിയുണ്ട്.് കോണ്‍ഗ്രസ് വിമതയായി മത്സരിച്ച മായാ രാഹുല്‍ പിന്തുണയ്ക്കുന്നതിനാല്‍ യുഡിഎഫിന് 11 അംഗങ്ങള്‍ ഉണ്ട്.