വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ 3 പ്രതികളെയും സിറ്റി പൊലീസ് വെടിവച്ചു വീഴ്ത്തി പിടികൂടി.ഗുരുതരമായി പരിക്കേറ്റ പ്രതികള്‍ക്ക് ശസ്ത്രക്രിയയെ തുടര്‍ന്ന് ജീവന്‍ തിരിച്ചുകിട്ടി. പക്ഷേ ഇനി നടക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തുപ്പാക്കി ഏറ്റുമുട്ടലുകള്‍ക്ക് നേരത്തെയും വാര്‍ത്തയില്‍ ഇടം പിടിച്ചിട്ടുളള തമിഴ്‌നാട്ടിലാണ് സംഭവം
ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ ടി.കറുപ്പസ്വാമി (സതീഷ് – 30), ടി.കാളീശ്വരന്‍ (20), ബന്ധു മധുര ജില്ലയിലെ കറുപ്പായൂരണി സ്വദേശി എം.തവസി (ഗുണ – 21) എന്നിവരാണു പിടിയിലായത്.
കോയമ്പത്തൂര്‍ – മേട്ടുപ്പാളയം പാതയിലെ വെള്ളക്കിണര്‍ റോഡില്‍ പട്ടത്ത് അരസിയമ്മന്‍ ക്ഷേത്രവഴിയിലെ ചതുപ്പില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതികള്‍. തിങ്കള്‍ രാത്രി 10.40നു രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച സന്ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ പീളമേട് ഇന്‍സ്‌പെക്ടര്‍ അര്‍ജുന്‍ കുമാറിന്റെയും ശരവണംപട്ടി ഇന്‍സ്പെക്ടര്‍ ജ്ഞാനശേഖരന്റെയും നേതൃത്വത്തില്‍ സ്ഥലം വളഞ്ഞു. രണ്ടു സംഘമായി നീങ്ങിയ പൊലീസ് പ്രതികളോടു കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അരിവാള്‍ കൊണ്ടു പൊലീസിനെ ആക്രമിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്രശേഖരന്റെ ഇടതു കയ്യില്‍ വെട്ടേറ്റതോടെ 2 ഇന്‍സ്‌പെക്ടര്‍മാരും ചേര്‍ന്നു പ്രതികളെ കാലില്‍ വെടിവച്ചു വീഴ്ത്തി. കറുപ്പസ്വാമിയുടെയും കാളീശ്വരന്റെയും രണ്ടു മുട്ടുകളും തകര്‍ന്നു. ഗുണയുടെ ഒരു കാല്‍മുട്ടിലാണു വെടിയേറ്റത്.
പ്രതികളെയും കയ്യില്‍ വെട്ടേറ്റ പൊലീസുകാരനെയും പന്ത്രണ്ടരയോടെ കോയമ്പത്തൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രാത്രി തന്നെ അടിയന്തര ശസ്ത്രക്രിയ നടത്തി. പ്രതികളുടെ ജീവന്‍ രക്ഷിച്ചെങ്കിലും ഇനി നടക്കാനുള്ള സാധ്യത കുറവാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം.ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചു പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അറിയിച്ചു. ഹീനമായ കുറ്റകൃത്യത്തെ അപലപിക്കാന്‍ ശക്തമായ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു.

