“എൽഡിഎഫ് വരും എല്ലാം ശരിയാവും” എന്ന് ഇടതുമുന്നണിക്ക് അധികാര വഴി സുഗമമാക്കിയ തെരഞ്ഞെടുപ്പു വാചകം പോലെ യുഡിഎഫിന് ചരിത്ര വിജയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ പരന്നൊഴുകിയ ഒരു വാചകമുണ്ട്
“കേരളം ജയിക്കും യുഡിഎഫ് നയിക്കും ”
ഈ പരസ്യവാചകത്തിന് രൂപം നൽകിയത് ആര്. യുഡിഎഫിന്റെ വിജയശേഷം പല അവകാശവാദങ്ങളും ഉയർന്നിട്ടുണ്ട്. അതിനിടെ പരസ്യ വാചകം രൂപപ്പെട്ടത് തങ്ങളുടെ ചർച്ചകൾക്കിടയിൽ ആണെന്ന് അവകാശപ്പെട്ട ചെറിയാൻ സ്‌കറിയ എന്ന പരസ്യ ഏജൻസിയിലെ content റൈറ്റർ രംഗത്ത് വന്നിരിക്കുന്നു. പരസ്യ വാചകം വന്ന വഴിയെക്കുറിച്ച് വളരെ വിശദമായി എഴുതിയിരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ
ചിലപ്പോൾ നിങ്ങൾ നിസ്സഹായനായിപ്പോകും. വളരെ നിസ്സംഗതയോടെ ചില അവകാശവാദങ്ങളെ നോക്കിക്കാണേണ്ടിയും വരും.
FB Post

Oplus_16908288
കേരളം ജയിക്കും UDF നയിക്കും എന്ന പരസ്യവാചകം എഴുതിയതെന്ന് അവകാശപ്പെടുന്ന പല പോസ്റ്റുകളും കണ്ടപ്പോൾ ഇനി മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ലെന്ന് തോന്നിയത് കൊണ്ടാണ് ഇങ്ങനെ ഒരെഴുത്ത്. ചിലരൊക്കെ വളരെ വേദന സഹിച്ചാണ് ആ വാചകം എഴുതിയതെന്നൊക്കെ തട്ടി വിടുന്നത് കാണുമ്പോൾ ചിരിക്കണോ, കരയണോ എന്ന സംശയത്തിലാണ് ഞാൻ.
ആദ്യമേ പറയട്ടെ, കോൺഗ്രസിന് വേണ്ടി ഇത്തവണ രണ്ട് നാഷണൽ ഏജൻസികൾക്ക് വേണ്ടി ഞാൻ ജോലി ചെയ്യുന്ന ഹാമർ അഡ്വർടൈസിംഗ് കമ്പനി പ്രസന്റേഷൻ നടത്തുകയുണ്ടായി. ലോക്കൽ ഏജൻസിയെന്ന നിലയിൽ അവർക്ക് ഒരു ക്രിയേറ്റീവ് ഏജൻസിയെ ഇവിടെ ആവശ്യമുണ്ടായിരുന്നു. ആദ്യത്തെ പ്രസന്റേഷൻ വയനാട് ഉപതെരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു. ട്രിവാൻഡ്രത്ത് ഒരു അപ്പാർട്മെന്റിൽ തമ്പടിച്ചിരുന്ന ആ ടീമിന് മുന്നിൽ അന്ന് വീണ്ടെടുക്കാം
നമ്മുടെ കേരളം എന്ന ക്യാമ്പയിൻ ഞങ്ങൾ പ്രസന്റ് ചെയ്തിരുന്നു. വിഡി സതീശൻ നയിക്കുന്ന കേരളയാത്ര ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളും ഞങ്ങളുടെ സ്ട്രാറ്റജിയിൽ ഉണ്ടായിരുന്നു. നിർഭാഗ്യവശാൽ ആ പ്രസന്റേഷൻ ഞങ്ങൾക്ക് വിൻ ചെയ്യാനായില്ല. പക്ഷേ, ആ ലൈൻ പിന്നീട് പുതുയുഗയാത്രയിൽ ഉപയോഗിച്ച് കണ്ടു. നമ്മുടെ കേരളത്തെ വീണ്ടെടുക്കാൻ എന്ന മാറ്റത്തോടെ! വേറെ ആശയം വല്ലതും ഉണ്ടോയെന്ന് പിന്നീട് ഫോണിൽ വിളിച്ച് അവർ അന്വേഷിച്ചപ്പോൾ ആ ഏജൻസിയിൽ ജോലി ചെയ്യുന്ന മലയാളിയുമായി ഞാൻ സംസാരിക്കുകയും കോൺഗ്രസ് നയിക്കും കേരളം ജയിക്കും എന്ന പരസ്യവാചകം പറഞ്ഞ് കൊടുത്തു. ലേഔട്ട് ചെയ്ത് അവർക്കത് അയച്ച് കൊടുക്കുകയും ചെയ്തു. അന്ന് ചെയ്ത പരസ്യങ്ങൾ കമ്പ്യൂട്ടറിലെ തീയ്യതി സഹിതം ഇവിടെ നൽകുന്നു. ആർക്ക് വേണമെങ്കിലും ഞങ്ങളുടെ ഓഫീസിൽ വന്ന് സിസ്റ്റത്തിൽ അത് പരിശോധിക്കാം. ആർട് വർക്ക് ചെയ്തത് വിനീതാണ്.
കോൺഗ്രസിന് വേണ്ടിയായിരുന്നു, ആ പിച്ചിംഗ്. (2025 ജൂണിൽ) പിന്നീട് ആ പരസ്യവാചകം UDF ന് എന്ന മാറ്റത്തോടെ കാണാൻ ഭാഗ്യം ലഭിച്ചു. ഈ ലൈൻ എഴുതുന്ന സമയത്ത്ഞാനും കമ്പനി സിഇഒ ശ്രീനാഥുമായി തർക്കമുണ്ടായി, കേരളം ജയിക്കും കോൺഗ്രസ് നയിക്കും എന്നല്ലേ വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ഞാൻ കോൺഗ്രസ് നയിച്ചാൽ, കേരളമാണ് ജയിക്കുക എന്ന വാദത്തിൽ ഉറച്ച് നിന്നു. ഇതിനൊക്കെ സാക്ഷിയായി കോപ്പിറൈറ്റർ വിജയിയും ഡിജിറ്റൽ വിംഗിന്റെ ഹെഡ് ഗോവിന്ദും. വിജയിയും ഗോവിന്ദും എന്നെ സപ്പോർട്ട് ചെയ്തു. അവസാനം ശ്രീനാഥ് പറഞ്ഞ ലൈനിലേക്ക് അവർ കാര്യങ്ങളെ എത്തിച്ചു, ഞങ്ങൾ പോലും അറിയാതെ.
പിന്നീട് അടുത്ത നാഷണൽ ഏജൻസി വന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം. അവർക്ക് ഓൺലൈനിലായിരുന്നു, പ്രസന്റേഷൻ. കടക്ക് പുറത്ത് എന്ന കാമ്പയിൻ ഉൾപ്പെടെ അവർക്ക് മുന്നിൽ പ്രസന്റ് ചെയ്തു. അവർ സുനിൽ & ടീമുമായി ഡിസ്‌കസ് ചെയ്ത ശേഷം അറിയിക്കാം എന്ന് പറഞ്ഞു. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ പത്രത്തിൽ വാർത്ത വരുന്നു. കോൺഗ്രസിൻ്റെ കാമ്പയിൻ -കടക്ക് പുറത്ത്, സുനിൽ കനഗോലു. ആ ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ അവർ മെസ്സേജ് അയച്ചു, ഞങ്ങൾ ഇതുവരെ കോൺഗ്രസിനത് പ്രസന്റ് ചെയ്തിട്ടില്ല. അതിനുള്ള തെളിവുകൾ എന്റെ വാട്സാപ്പിൽ ഇപ്പോഴുമുണ്ട്.
ഒരു സർക്കാർ അധികാരത്തിലേറിയത് എന്റെ മിടുക്കുകൊണ്ടാണെന്നോ, ഞാനെഴുതിയ പരസ്യവാചകം കൊണ്ടാണെന്നോ മേനി നടിക്കാനല്ല ഈ തുറന്നെഴുത്ത്. ഇതിനൊപ്പം മറ്റൊന്ന് കൂടി പറയട്ടെ, ഇടതുപക്ഷത്തിന് വേണ്ടിയും ഇത്തവണ ഞങ്ങൾ പ്രസൻ്റേഷൻ നടത്തിയിരുന്നു, ഇനിയില്ല പിന്നോട്ട്, കരുത്തോടെ മുന്നോട്ട്. എന്ന പരസ്യവാചകം, അത് ഞാനും ശ്രീകാന്ത് മുരളിയും ചേർന്ന് എഴുതിയത്. മറ്റാരുണ്ട് LDF അല്ലാതെ എന്നതിന് പകരം ഈ ലൈൻ ഉപയോഗിച്ചിരുന്നെങ്കിൽ…. അല്ലെങ്കിലും എങ്കിലുകൾക്ക് എന്ത് പ്രസക്തി, അല്ലേ?”

