വിമാനത്തിന് മിന്നലേറ്റു, അടിയന്തര ലാന്റിംഗ്
പട്നയില്‍ നിന്ന് ലക്നൗയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനം മിന്നലേറ്റതിനെത്തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്തു. 17,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് വിമാനത്തിന് മിന്നലേറ്റത്. സംഭവത്തില്‍ വിമാനത്തിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചു.
104 യാത്രക്കാരും ആറ് ജീവനക്കാരുമുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.വിമാനം ഉച്ചയ്ക്ക് 3.10നാണ് പാട്നയില്‍ നിന്ന് പുറപ്പെട്ടത്. ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന് നിശ്ചയിച്ചിരുന്ന സമയത്തിന് എട്ട് മിനിട്ട് മുന്‍പ് ലക്നൗ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.
ലക്നൗവില്‍ നിന്ന് അഹമ്മദാബാദിലേക്ക് ഇതേ വിമാനമായിരുന്നു സര്‍വീസ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ അപകടത്തെത്തുടര്‍ന്ന് വിമാനം സര്‍വീസില്‍ നിന്ന് പിന്‍വലിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. റെഗുലേറ്ററി ക്ലിയറന്‍സ് ലഭിച്ചശേഷം മാത്രമേ ഇനി വിമാനത്തിന് സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കൂ.

