Spread the love

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചു എന്ന പോലീസ് കേസില്‍ റിമാന്റിലായ ജയിലിനുള്ളില്‍ നിരാഹാരസമരവുമായി രാഹുല്‍ ഈശ്വര്‍. തിങ്കള്‍ രാത്രി മുതല്‍ ഭക്ഷണം ഒഴിവാക്കിയിരിക്കുകയാണ്. വെള്ളം മാത്രം മതിയെന്നാണ് രാഹുല്‍ പൊലീസിനോട് പറഞ്ഞത്. ജില്ലാ ജയില്‍ ബി ബ്ലോക്കിലാണ് രാഹുല്‍ കഴിയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിയെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലാണ് രാഹുല്‍ ഈശ്വറിനെ കോടതി റിമാന്‍ഡ് ചെയ്തത്.

അതേ സമയം നിരാഹാര സമരവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് രാഹുല്‍ ഈശ്വറിന്റെ തീരുമാനമെന്ന് ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ജ്യൂസ് കൊടുത്തപ്പോള്‍ രാഹുല്‍ കഴിച്ചില്ലെന്നും ഇപ്പോഴും അദ്ദേഹം നിരാഹാരത്തില്‍ തന്നെയാണ്.

ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ തടസപ്പെടുത്തുമെന്നും ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് അഡി. ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജിന്റെ ഉത്തരവ്. വീഡിയോകള്‍ പരിശോധിച്ച ശേഷമായിരുന്നു ഉത്തരവ്. പരാതിക്കാരിക്കെതിരെ ലൈംഗികച്ചുവയുളള പരാമര്‍ശങ്ങള്‍ നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയെന്നും പരാതിക്കാരിയെ ഭയചകിതയാക്കിയെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

പരാതിക്കാരിയുടെ ചിത്രം രാഹുലിന്റെ ലാപ്ടോപ്പിലുണ്ടെന്നും സ്ഥിരമായി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നയാളാണെന്നും പൊലീസ് അറിയിച്ചു. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ജാമ്യം ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റ് ചെയ്ത ശേഷം ജാമ്യമില്ലാ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തതായി പ്രതിഭാഗം വാദിച്ചു. അതേസമയം, സൈബര്‍ അധിക്ഷേപ കേസില്‍ രാഹുല്‍ ഈശ്വര്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും.