കാൺപൂർ : സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട തായ്ലൻഡ് സ്വദേശിനിയെ വിവാഹം കഴിച്ച ശേഷം പണം കൈക്കലാക്കി മുങ്ങിയെന്ന പരാതിയിൽ കാൺപൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. തുകൽ വ്യാപാരിയായ ഇർഫാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തായ്ലൻഡ് സ്വദേശിനിയായ ഉപ്സോൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
റസ്റ്ററന്റ് നടത്തിവരുന്ന ഉപ്സോണും ഇർഫാനും സമൂഹമാധ്യമം വഴിയാണ് ആദ്യം പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി മാറിയെന്നും പരാതിയിൽ പറയുന്നു. താൻ അവിവാഹിതനാണെന്ന് പറഞ്ഞാണ് ഇർഫാൻ ഉപ്സോണുമായി അടുപ്പം സ്ഥാപിച്ചതെന്നാണ് വിവരം.
രണ്ട് വർഷം മുൻപ് ഉപ്സോണിനെ കാണുന്നതിനായി ഇർഫാൻ തായ്ലൻഡിലെത്തി. അവിടെവച്ച് ഇരുവരും വിവാഹിതരായതായും പൊലീസ് അറിയിച്ചു. വിവാഹത്തിന് പിന്നാലെ ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമാണെന്ന് പറഞ്ഞ് ഇർഫാൻ ഉപ്സോണിനോട് പണം ആവശ്യപ്പെട്ടു. പിന്നാലെ യുവതി ഇർഫാൻ 60 ലക്ഷം രൂപ നൽകി. റസ്റ്റോറന്റിൽ നിന്നുള്ള വരുമാനവും കുടുംബാംഗങ്ങളോട് കടം വാങ്ങിയുമാണ് ഉപ്സോൺ പണം കണ്ടെത്തിയത്. എന്നാൽ പണം ലഭിച്ച ശേഷം ഇർഫാൻ ഉപ്സോണുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിപ്പോയെന്നും യുവതി പറയുന്നു.
ഭർത്താവുമായി മാസങ്ങളോളം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ഇല്ലാതായതോടെ യുവതി ഇന്ത്യയിലേക്ക് തിരിക്കാൻ തീരുമാനിച്ചു. 2026 ഒക്ടോബർ 6-ന് യുവതി കാൺപൂരിലെ ഇർഫാന്റെ വീട്ടിലെത്തി. എന്നാൽ അപ്പോഴാണ് ഇർഫാൻ തന്നെ പറ്റിക്കുകയായിരുന്നു എന്നും ഇർഫാൻ 12 വർഷം മുൻപ് വിവാഹിതനായതാണെന്നും അയാൾക്ക് 3 മക്കളുണ്ടെന്നും യുവതി മനസിലാക്കിയത്.
ഇതോടെ യുവതി പണം തിരികെ ആവശ്യപ്പെട്ടു. കൂടാതെ ഇർഫാൻ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും മതം മാറാൻ നിർബന്ധിപ്പിച്ചെന്നും യുവതി പറഞ്ഞു. പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

