Spread the love

തൃശൂർ: നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അനീഷയ്ക്ക് പിസിഒഡി ഉണ്ടെന്നും ഇടയ്ക്കിടെ വണ്ണം കൂടുകയും കുറയുകയും ചെയ്യുമെന്നും അമ്മ സുമതി. മകള്‍ ഗര്‍ഭിണിയായിരുന്ന വിവരം അറിഞ്ഞിരുന്നില്ല. ഗര്‍ഭിണിയാണെന്നതിനെ പറ്റി സൂചനയുണ്ടായിരുന്നില്ല. ഒരു സമയത്തും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നും സുമതി പറഞ്ഞു.

അനീഷ ഗർഭിണിയായ രഹസ്യം നാട്ടുകാരും വീട്ടുകാരും അറിയാതിരിക്കാൻ അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് നടന്നിരുന്നതെന്ന് പൊലീസ്. 2020 ലാണ് സമൂഹമാധ്യമത്തീലൂടെ പരിചയപ്പെട്ട ഭവിനുമായി അനീഷ പ്രണയത്തിലാവുന്നത്.

ആദ്യ ആൺകുഞ്ഞിനെ 2021 ൽ ആണ് പ്രസവിക്കുന്നത്. നൂലുവള്ളിയിലെ വീട്ടിലെ കുളിമുറിയിൽ വെച്ച് പ്രസവിച്ച കുഞ്ഞ് പൊക്കിൾകൊടി കഴുത്തിൽ ചുറ്റിയതിനെ തുടർന്ന് മരിച്ചിരുന്നതായി അനീഷ പൊലീസിനോട് പറഞ്ഞു. ഈ കുട്ടിയെ അനീഷ വീട്ടുപറമ്പിൽ രഹസ്യമായി കുഴിച്ചിടുകയായിരുന്നു.

അതേസമയം പ്രതി അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയാണെന്ന വിവരമാണ് പുറത്തുവരുന്നത്. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും പ്രതിക്ക് സഹായകമായെന്ന് പൊലീസ് പറയുന്നു . വയറിൽ തുണികെട്ടി വെച്ച് ​ഗർഭാവസ്ഥ മറച്ചുവെച്ചു. അതുപോലെ പ്രസവകാലം മറച്ചു‌പിടിക്കാൻ ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി. ആദ്യ കുഞ്ഞിനെ കുഴിച്ചിടാൻ വീടിന്റെ പിൻഭാഗത്താണ് ആദ്യം കുഴിയെടുത്തത്. എന്നാൽ അയൽവാസി ഗിരിജ ഇത് കണ്ടതിനാൽ ആ സ്ഥലം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വീടിന്റെ ഇടതുഭാഗത്തെ മാവിൻ ചുവട്ടിൽ കുഴിച്ചിട്ടു.

2024 ഓഗസ്റ്റ് 29ന് ചേട്ടന്റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും കൊന്നു. രണ്ടു കൊലപാതകങ്ങൾക്ക് ശേഷം നാലും എട്ടും മാസത്തെ ഇടവേളകളിലാണ് അസ്ഥി പെറുക്കി കർമ്മം ചെയ്യാനായി സൂക്ഷിച്ചത്.വിശദമായ ചോദ്യം ചെയ്യലില്‍ ആണ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതാണെന്ന് ഇവര്‍ കുറ്റസമ്മതം നടത്തിയത്.

ഇന്നലെ ഇരുപ്രതികളെയും ആമ്പല്ലൂരിലെയും നൂലുവള്ളിയിലെയും വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. രണ്ടു പ്രതികളും തമ്മിലുള്ള തർക്കത്തെത്തുടർന്ന് ഭവിനാണ് അസ്ഥികളുമായി പുതുക്കാട് സ്റ്റേഷനിലെത്തി വിവരം പറഞ്ഞത്. പ്രതികളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും.