Spread the love

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ 27 വയസ്സുകാരിയെ കാറില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഗാർമെന്‍റ്സ് കമ്പനി ഉടമയായ അണ്ണാദുരയുടെ മകൾ റിധന്യയാണ് മരിച്ചത്. ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചെന്ന് മരണത്തിന് തൊട്ടുമുൻപ് യുവതി അച്ഛന് ശബ്ദസന്ദേശം അയച്ചിരുന്നു.

തന്നെ ഭർത്താവ് ശാരീരികമായും ഭർതൃവീട്ടുകാർ മാനസികമായും പീഡിപ്പിക്കുന്നുവെന്നും മാതാപിതാക്കൾക്കു ഭാരമായിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കുന്നതെന്നും സന്ദേശത്തിൽ റിധന്യ പറയുന്നുണ്ട്.

‘‘എനിക്ക് അവരുടെ മാനസിക പീഡനം സഹിക്കാൻ കഴിയുന്നില്ല. ഇതിനെക്കുറിച്ച് ആരോട് പറയണമെന്ന് എനിക്ക് അറിയില്ല. ജീവിതം ഇങ്ങനെയായിരിക്കുമെന്നും ഞാൻ വിട്ടുവീഴ്ച ചെയ്യണമെന്നും പലരും പറയുന്നു. അവർക്ക് ആർക്കും എന്റെ കഷ്ടപ്പാട് മനസ്സിലാകുന്നില്ല. എന്റെ ചുറ്റുമുള്ള എല്ലാവരും അഭിനയിക്കുകയാണ്, ഞാൻ എന്തിനാണ് നിശബ്ദയായിരിക്കുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല. ജീവിതകാലം മുഴുവൻ മാതാപിതാക്കൾക്കു ഭാരമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. എനിക്ക് ഈ ജീവിതം ഇഷ്ടമല്ല. അവൻ എന്നെ ശാരീരികമായി പീഡിപ്പിക്കുമ്പോൾ അവർ എന്നെ മാനസികമായി ആക്രമിക്കുകയാണ്. അച്ഛനും അമ്മയുമാണ് എന്റെ ലോകം. എന്റെ അവസാന ശ്വാസം വരെ അച്ഛൻ എന്റെ പ്രതീക്ഷയായിരുന്നു. ഞാൻ അച്ഛനെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. അച്ഛന്റെ കഷ്ടപ്പാട് എനിക്ക് മനസ്സിലാകും. ക്ഷമിക്കണം അച്ഛാ. എല്ലാം കഴിഞ്ഞു. ഞാൻ പോകുന്നു.’’ – ശബ്ദസന്ദേശത്തിൽ റിധന്യ പറഞ്ഞു.

വിവാഹം കഴിഞ്ഞിട്ട് 78 ദിവസം മാത്രമേ ആയിരുന്നുള്ളൂ. ഈ വർഷം ഏപ്രിലിലാണ് റിധന്യയും കവിൻ കുമാറും വിവാഹിതരായത്. 100 പവന്‍റെ സ്വർണ്ണാഭരണങ്ങളും 70 ലക്ഷം രൂപ വിലവരുന്ന വോൾവോ കാറും നൽകിയാണ് വിവാഹം നടത്തിയത്. സംഭവത്തിൽ ഭർത്താവിനെയും ഭർത്താവിന്‍റെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)