ബെംഗളൂരു: ഉത്തർപ്രദേശിലെ ബല്ലാരിയിലെ വെറ്ററിനറി ഡോക്ടറുടെ ഭാര്യയായ ഇരുപത്തിനാലുകാരിയുടെ ആത്മഹത്യയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. യുവതിയുടെ ഭർത്താവും മാതാവും സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി നിരന്തരം പീഡിപ്പിച്ചത് കാരണമാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം.
ഉത്തർപ്രദേശിലെ ബല്ലാരി ജില്ലയിലുള്ള കാംപ്ലി ടൗണിലാണ് ഐശ്വര്യ എന്ന യുവതിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രദീപ് കുമാറിനെയും ഇയാളുടെ അമ്മയെയും കാംപ്ലി പോലീസ് അറസ്റ്റ് ചെയ്തു.
മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടറായ പ്രദീപ് കുമാറുമായി പ്രണയവിവാഹമായിരുന്നു ഐശ്വര്യയുടേത്. എന്നാൽ വിവാഹം കഴിഞ്ഞ നാൾ മുതൽ തന്നെ ഭർത്താവും അമ്മായിയമ്മയും ചേർന്ന് ഐശ്വര്യയെ കടുത്ത മാനസിക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നതായി കുടുംബാംഗങ്ങൾ ആരോപിച്ചു. ഇതിന് പുറമെ സ്ത്രീധനത്തിന്റെ പേരിലും നിരന്തര പീഡനമുണ്ടായി.
ഭർതൃവീട്ടിലെ കടുത്ത മാനസിക പീഡനം സഹിക്കവയ്യാതെ ഐശ്വര്യ സ്വന്തം പിതാവിന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അവിടെവെച്ചാണ് യുവതി തൂങ്ങിമരിച്ചത്.
അതേസമയം ആത്മഹത്യ ചെയ്യുന്നതിന് മുൻപ് താൻ നേരിട്ട ക്രൂരതകളും അതിനുള്ള കാരണങ്ങളും വ്യക്തമാക്കുന്ന ഒരു ആത്മഹത്യാക്കുറിപ്പും ഐശ്വര്യ എഴുതിവെച്ചിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

