Spread the love

പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങൽ ടിഞ്ചു മൈക്കിള്‍ കൊലക്കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. തടിക്കച്ചവടക്കാരനായ കോട്ടാങ്ങൽ സ്വദേശി നസീറിനെതിരായ കുറ്റങ്ങൾ തെളിഞ്ഞതായി പത്തനംതിട്ട കോടതി വ്യക്തമാക്കി. കേസിലെ ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കും.

2019 ഡിസംബറില്‍ പെരുമ്പെട്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുല്ലാഞ്ഞിപ്പാറ കണയങ്കല്‍ വീട്ടില്‍ ടിഞ്ചു മൈക്കിള്‍ (26) എന്ന നഴ്സിന്റെ ആത്മഹത്യയാണ് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. ടിഞ്ചുവിന്റെ സുഹൃത്ത് നൽകിയ പരാതിയിൽ 2020 ഫെബ്രുവരിയിൽ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

ഭർത്താവുമായി പിരിഞ്ഞ് സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു ടിഞ്ചു. സുഹൃത്ത് വീട്ടിലില്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറിയ പ്രതി, ടിഞ്ചുവിനെ കട്ടിലിൽ തലയിടിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കാനായി വീടിന്റെ മേൽക്കൂരയിലെ ഇരുമ്പ് കൊളുത്തിൽ കെട്ടിത്തൂക്കി മരണം ഉറപ്പാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ടിഞ്ചുവിന്റെ ശരീരത്തിൽ 53 മുറിവുകൾ കണ്ടെത്തി.

സംഭവം നടന്ന് 20 മാസങ്ങൾക്ക് ശേഷം 2021 ഒക്ടോബറിലാണ് പ്രതി നസീറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ശാസ്ത്രീയമായ തെളിവുകളുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ കൊലപാതക കുറ്റം തെളിയിക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു.