Spread the love

കോട്ടയം : തിരുനക്കര ബസ് സ്റ്റാൻഡിൽ യാത്രക്കാരിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി.

സംസ്ഥാന ഹാൻഡ്‌ലൂം കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പാർട്ട് ടൈം ജീവനക്കാരിയായ കോട്ടയം നട്ടാശ്ശേരി ഞള്ളക്കാട്ടു വീട്ടിൽ റോസ് സി.ഡി യാണ് സ്റ്റാൻഡിൽ വന്നിറങ്ങിയ അതേ ബസിന് മുന്നിലൂടെ നടക്കവേ അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം.

ഇറഞ്ഞാൽ – തിരുവഞ്ചൂർ റൂട്ടിലോടുന്ന ഈ സ്വകാര്യ ബസിലാണ് സ്ഥിരമായി റോസ് കോട്ടയത്ത് ജോലിസ്ഥലത്തേക്ക് എത്തുന്നതും.

 

തിരുനക്കര സ്റ്റാൻഡിലെ ബസ് ബേയിൽ നിർത്തിയപ്പോൾ റോസ് ഇതിൽ നിന്നിറങ്ങി ബസിൻ്റെ ഇടതു വശം ചേർന്ന് മറികടക്കുമ്പോൾ യാത്രക്കാരി മുന്നിലുള്ളത് അറിയാതെ ഡ്രൈവർ ബസ് മുന്നോട്ട് എടുത്തപ്പോൾ ഇതിനടിയിൽ പെടുകയായിരുന്നു.

 

ഇടതു വശത്തെ ചക്രമാണ് റോസിൻ്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ശബ്‌ദം കേട്ട ഉടൻ തന്നെ യാത്രക്കാരും, പോലീസും ചേർന്ന് ഇവരെ പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

 

വയറിനും, മുഖത്തുമാണ് പരിക്കേറ്റിരിക്കുന്നത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കുമെന്നാണ് വിവരം. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.