Spread the love

തിരുവനന്തപുരം:  ഒരാഴ്ച കഴിഞ്ഞിട്ടും നീളുന്ന കോൺഗ്രസ് മുഖ്യമന്ത്രി സസ്പെൻസിൽ കൂടുതൽ നേതാക്കളുടെ അഭിപ്രായം തേടി കോൺഗ്രസ് ദേശീയ നേതൃത്വം. സംസ്ഥാനത്തെ മുൻ കെപിസിസി അധ്യക്ഷന്മാരെയും അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണനെയുമാണ് ഏറ്റവും ഒടുവിൽ ഡൽഹിയിൽ എത്തിച്ചത്.

രാഹുൽ ഗാന്ധിയുടെ വസതിയിൽ എത്തി മിനിറ്റുകൾ മാത്രം നീണ്ട കൂടിക്കാഴ്ച നടത്തി അവരും നാട്ടിലേക്ക് തിരിക്കുകയാണ്. ഡിജിറ്റൽ യുഗത്തിൽ വളരെ വേഗം പൂർത്തിയാക്കാവുന്ന ഒരു കാര്യമാണ് 70 കഴിഞ്ഞ നേതാക്കളെ  ഡൽഹിയിൽ എത്തിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് നേരിട്ടുള്ള കൂടിക്കാഴ്ച്ച നടത്തി സമയവും ചെലവും വരുത്തിവെച്ചതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു.

 

മുൻ കെപിസിസി അധ്യക്ഷൻ മാരായ കെ മുരളീധരൻ, വി എം സുധീരൻ, കെ സുധാകരൻ, എം എം ഹസ്സൻ എന്നിവരാണ് ഡൽഹിയിൽ എത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രൻ ഫോൺ വഴി അഭിപ്രായം പറയാനാണ് തീരുമാനിച്ചിട്ടുള്ളത്. ഡൽഹി യാത്ര മുല്ലപ്പള്ളി ഒഴിവാക്കി.

ഇന്ന് വൈകിട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എത്തിയാൽ ഉടൻ  കൂടിക്കാഴ്ചയ്ക്ക് ശേഷം കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും എന്നാണ് ഡൽഹിയിൽ നിന്നും ലഭിക്കുന്ന സൂചന.

അതിനിടെ മുസ്ലിംലീഗിന് പിന്നാലെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അസംതൃപ്തിയുമായി കേരള കോൺഗ്രസും രംഗത്തുവന്നു.മുഖ്യമന്ത്രി പ്രഖ്യാപനം വേഗത്തിലാക്കണം, വിജയത്തിന്റെ ഗ്ലാമർ കളയരുത്’ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.

 

കെ സി വേണുഗോപാൽ പക്ഷത്ത് ആണ് എംഎൽഎമാർ എന്നാണ് ഭൂരിപക്ഷം മാധ്യമങ്ങളുടെയും കണ്ടെത്തൽ. എന്നാൽ മാധ്യമങ്ങളിൽ വരുന്നത് ശരിയായിരിക്കണമെന്നില്ല എന്നാണ് കെ മുരളീധരന്റെ അഭിപ്രായം. കോൺഗ്രസ് മുഖ്യമന്ത്രി തർക്കത്തിൽ മാധ്യമങ്ങൾ പിണറായി ഭരണകാലത്തെ പോലെ ഒരു പക്ഷത്തേക്ക് ചാഞ്ഞിരിക്കുകയാണെന്നുള്ള അഭിപ്രായം മാധ്യമ നിരീക്ഷകർക്കും ഉണ്ട്. പ്രത്യേകിച്ച് ഡൽഹിയിലും തിരുവനന്തപുരത്തുമുള്ള മാധ്യമ പ്രവർത്തകർ.