Spread the love

വിഴിഞ്ഞം തുറമുഖത്തിൽ ഓഗസ്റ്റ് 18 മുതൽ ചരക്ക് നീക്കത്തിന് തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തുറമുഖത്തിന്റെ ഗുണഫലങ്ങൾ നമ്മുടെ നാടിന് നേരിട്ട് ലഭ്യമാകുന്ന ആദ്യത്തെ പ്രധാന ചുവടുവയ്‌പ്പാണിതെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് രണ്ട് ലക്ഷം രൂപ വീതം അധികധനസഹായം അനുവദിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

‘മുണ്ടക്കൈ, ചൂരൽമല പുനരധിവാസ ലിസ്റ്റിലുള്ല ഗുണഭോക്താക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം അധിക ധനസഹായം അനുവദിക്കും. തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട പിഎംഎവൈ പദ്ധതി നഗരം 2 നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവയ്‌ക്കാൻ തീരുമാനമെടുത്തു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാർക്ക് 2025 – 26 സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് നിന്നുള്ള എക്‌സ്‌പോർട്ട് – ഇംപോർട്ട് ചരക്ക് നീക്കത്തിന് 2026 ഓഗസ്റ്റ് 18ന് തുടക്കം കുറിക്കുകയാണ്. ഇതുവരെ ട്രാൻസ്‌ഷിപ്പ്‌മെന്റ് മാത്രമാണ് അവിടെ നടന്നിരുന്നത്. ഇതിൽ 60 ശതമാനം കണ്ടെയ്‌നറുകളും മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവയാണ്. തുറമുഖത്തിന്റെ ഗുണഫലങ്ങൾ നമ്മുടെ നാടിന് നേരിട്ട് ലഭ്യമാകുന്ന ആദ്യത്തെ പ്രധാന ചുവടുവയ്‌പ്പാണിത്. ഇതിന് ആവശ്യമായ പബ്ലിക് നോട്ടീസെല്ലാം കസ്റ്റംസ് കമ്മീഷണറേറ്റ് പുറപ്പെടുവിച്ചുകഴിഞ്ഞു. തുറമുഖ റോഡിൽ നിന്ന് നാഷണൽ ഹൈവേയിലേക്ക് താൽക്കാലിക റോഡ് സംവിധാനം പൂർത്തിയാക്കി. നിലവിൽ തിരുവനന്തപുരത്ത് സിഎഫ്‌എസ് (കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷൻ) ലഭ്യമല്ലാത്തതിനാൽ തുറമുഖത്തിനകത്ത് തന്നെ കസ്റ്റംസ് ബോണ്ടഡ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്.

കേരളത്തിൽ മെസി കളിക്കുമെന്ന് അർജന്റീനൻ ഫുട്‌ബോൾ അസോസിയേഷനുമായി കരാറുണ്ടാക്കാണ ഒരു സ്വകാര്യ സ്ഥാപനത്തിന് അനുമതി നൽകിയതിലെ നടപടികൾ എന്തൊക്കെയായിരുന്നു? വിപണി മൂല്യ നിർണയമോ ഫണ്ടിന്റെ സ്രോതസോ ഒന്നും പരിഗണിച്ചില്ല. സംസ്ഥാന സർക്കാർ പോലും പല കാര്യങ്ങളും അറിഞ്ഞിട്ടില്ല. പരസ്‌പരവിരുദ്ധമായ ഒട്ടേറെ പ്രസ്‌താവനകൾ വരുന്നുണ്ട്. ഏതോ സ്ഥാപനത്തെ പൂട്ടിക്കാനായി ഞാൻ ഇറങ്ങിയെന്നാണ് പറയുന്നത്. റിപ്പോർട്ട് കയ്യിൽ കിട്ടിയിട്ടേയുള്ളു. ജിഎസ്‌ടി വെട്ടിപ്പ് നടന്നെന്ന് വ്യക്തമായിട്ടുണ്ട്. ആ വെട്ടിപ്പ് നടത്തിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ കണ്ടുപിടിക്കുകയും ചെയ്‌തിട്ടുണ്ട്.

എന്നാൽ, പിന്നീട് ആ അന്വേഷണം മരവിപ്പിക്കപ്പെട്ടതു പോലെയുള്ള അവസ്ഥ അടുത്ത ഏഴുമാസം ഉണ്ടായി. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് സർക്കാരിന് നഷ്‌ടപ്പെട്ട തുക ഈടാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യും. അനാസ്ഥ അന്വേഷിക്കും ‘ – വി ഡി സതീശൻ പറഞ്ഞു.

 

 

തന്നെ വിമർശിച്ചുകൊണ്ട് വരുന്ന പോസ്റ്റുകൾ പോലും നീക്കംചെയ്യരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് മെറ്റയ്ക്ക് കത്തെഴുതാൻ താൻ തയ്യാറാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. വാർത്തകൾ നീക്കംചെയ്യിക്കാൻ തനിക്ക് മെറ്റയിൽ യാതൊരു സ്വാധീനവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ചാനൽ വാർത്തകൾ നീക്കുന്നതിനു പിന്നിൽ താനല്ല

വാർത്തകൾ നീക്കംചെയ്യുന്നതിന് പിന്നിൽ താനാണെന്ന പ്രചാരണങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. തന്റെ ഓഫീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജായ ‘CMO Kerala’ ലഭ്യമാക്കിത്തരണം എന്നകാര്യം മാത്രമാണ് ഇതുവരെ മെറ്റയോട് ആവശ്യപ്പെട്ടത്. റിക്വസ്റ്റ് നൽകിയിട്ട് രണ്ടു മാസമായെന്നും എന്നാൽ മെറ്റ ഇതുവരെ അത് ശരിയാക്കി നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആ ഞാൻ പറഞ്ഞിട്ടാണ് മെറ്റ ഇതെല്ലാം റിമൂവ് ചെയ്യുന്നത് എന്നുപറഞ്ഞാൽ വിശ്വസിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

 

തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പോലും മെറ്റ നീക്കംചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൻ മത്സ്യത്തൊഴിലാളി മേഖലയിൽ ഇടപെട്ടതിനെ അഭിനന്ദിച്ചുകൊണ്ടുള്ള തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ പ്രസംഗവും കെ.സി.ബി.സി.യുടെ പോസ്റ്റും ഇത്തരത്തിൽ നീക്കംചെയ്യപ്പെട്ടു. കേരളത്തിൽ മാത്രമല്ല, തെലങ്കാന, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പോസ്റ്റുകളും നീക്കംചെയ്യപ്പെടുന്നുണ്ടെന്നും ഇത് മെറ്റയുടെ പോളിസിയിൽ വന്ന മാറ്റമാകാമെന്നും അദ്ദേഹം പറഞ്ഞു.