അധിക്ഷേപ പരാമര്‍ശം: ടി ജി മോഹന്‍ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഡല്‍ഹി ജന്തര്‍മന്ദറില്‍ കോക്രോച് ജനതാ പാര്‍ട്ടി (സിജെപി)യുടെ നേതൃത്വത്തില്‍ സമരംചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ആര്‍എസ്എസ് സഹയാത്രികന്‍ ടി ജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് നിന്നും സൈബര്‍ പൊലീസ് സംഘം കൊച്ചി മട്ടാഞ്ചേരിയിലെത്തി അദ്ദേഹത്തെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു. അദ്ദേഹത്തെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ചു. പുലര്‍ച്ചെ ഒന്നരമണിയോടെയാണ് തിരുവനനന്തപുരത്ത് എത്തിച്ചത്. ഇന്ന് 11 മണിയോടെ കോടതിയില്‍ ഹാജരാക്കും. മോഹന്‍ദാസിനായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കുമോ എന്നത് വ്യക്തമല്ല.
തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം വിംഗ് പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച വൈകിട്ട് അഞ്ചോടെ മോഹന്‍ ദാസിന്റെ മട്ടാഞ്ചേരി ചെറളായിയിലെ വസതിയിലെത്തിയത്. മട്ടാഞ്ചേരി പൊലീസും ഒപ്പമുണ്ടായിരുന്നു. ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പരിശോധിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഈ സമയം മോഹന്‍ ദാസിനെ കൂടാതെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കസ്റ്റഡി നടപടിക്രമം രണ്ടര മണിക്കൂര്‍ നീണ്ടു.
കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെത്തിച്ച് ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് അദ്ദേഹത്തെ തിരുവനന്തപുത്തേക്ക് കൊണ്ടുപോയത്. പൊലീസ് മോഹന്‍ ദാസുമായി വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് ആശങ്ക പരത്തി.
മോഹന്‍ ദാസിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കും, ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെയും യുവാക്കളെയും വെടിവച്ച് കൊല്ലണമെന്ന പ്രസ്താവനയ്ക്കുമെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോന്‍ നല്‍കിയ പരാതിയിലാണ് നടപടി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.കെ. അബ്ദുള്‍ ജലീല്‍, പൊതുപ്രവര്‍ത്തകന്‍ ഹാരിസ് അബു തുടങ്ങിയവര്‍ മട്ടാഞ്ചേരി പൊലീസിലും പരാതി നല്‍കിയിരുന്നു.

