Spread the love

കേരളം പനിക്കിടക്കയില്‍. ഈമാസത്തില്‍ മാത്രം 1.48 ലക്ഷം രോഗബാധിതര്‍

തിരുവനന്തപുരം: പകര്‍ച്ചപ്പനി പടരുന്നു. മെയ്മാസത്തില്‍ മാത്രം 1.48 ലക്ഷമാണ് ആകെ പനി രോഗബാധികര്‍.എലിപ്പനി, മലേറിയ, ഡെങ്കിപ്പനി എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അമീബിക് മസ്തിഷ്‌ക ജ്വരവും വ്യാപകമാണ്. 10 പേരാണ് ഈമാസം പനിബാധിച്ച് മരിച്ചത്. എട്ടുപേര്‍ എലിപ്പനി ബാധിച്ചും രണ്ടു പേര്‍ ഡെങ്കി ബാധിച്ചുമാണ് മരിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടരുന്ന എബോളയെ സംസ്ഥാനം കരുതിയിരിക്കുന്നതിനാല്‍ എല്ലാ പനിബാധിതരുടെയും വിദേശയാത്ര ചരിത്രമുള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. സാധാരണ പകര്‍ച്ചപ്പനിയുടെ ലക്ഷണങ്ങളാണ് എബോളയ്ക്കുമുള്ളത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പനിപടരുന്നതിനിടെ എബോള ആശങ്കയാകുന്നത്. 1.44 ലക്ഷം പേരാണ് പകര്‍ച്ചപ്പനിക്ക് ചികിത്സതേടിയത്. ഇന്നലെ മാത്രം 7705 പേരെത്തി.

ഈമാസം മാത്രം 42868 പേരാണ് വയറിളക്കരോഗങ്ങള്‍ക്ക് ചികിത്സ തേടിയത്. 2416 പേര്‍ ഇന്നലെ ആശുപത്രിയിലെത്തി. മലിനജലത്തിലൂടെ പടരുന്ന ബാക്ടീയായ ഷിഗെല്ല 31 പേര്‍ക്കാണ് ഈമാസം ബാധിച്ചത്. കടുത്ത ചൂടും ഇടയ്ക്കിടെ പെയ്യുന്ന മഴയും ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ തിളപ്പിച്ച വെള്ളം കുടിക്കാനും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.