മുഖ്യ പദവി കെ.സി യിലേക്കോ, രമേശും സതീശനും ഔട്ടാകുമോ. ഇന്ദ്രപ്രസ്ഥത്തില്‍ ചടുല രാഷ്ട്രീയ കരുനീക്കങ്ങള്‍
by പൊളിറ്റിക്കല്‍ ഡസ്‌ക്
തിരുവനന്തപുരം: കോണ്‍ഗ്രസിലും സൈബറിടത്തും മുഖ്യമന്ത്രി പോര് കടുക്കുമ്പോള്‍ ചില ഒത്തുതീര്‍പ്പ് പാക്കേജ് കോണ്‍ഗ്രസില്‍ രൂപം കൊള്ളുന്നതായി റിപ്പോര്‍ട്ടുകള്‍. യുഡിഎഫ് വിജയിക്കുകയാണെങ്കില്‍ തകര്‍ന്ന മുന്നണിയെ രക്ഷിച്ച ക്യാപ്റ്റന്‍ വി.ഡി സതീശനാണ് മുഖ്യമന്ത്രി പദത്തിന് അര്‍ഹന്‍ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലും മാധ്യമ ചര്‍ച്ചകളിലും ഉയരുന്ന പൊതുവികാരം.
വിഡി സതീശന്റെ ജില്ലയായ എറണാകുളത്തുനിന്നാണ് ഇത്തരമൊരു ചര്‍ച്ചയ്ക്ക് തിരികൊളുത്തിയത് എന്ന് ഇതര ഗ്രൂപ്പുകള്‍ ചൂണ്ടികാട്ടുന്നുണ്ട്. എന്നാല്‍ മുന്‍ കെപിസിസി അധ്യക്ഷനും എംപിമായുമായ കെ. സുധാകരനാണ് ഇത് കത്തിപടരുന്ന വാഗ്വാദമായി മാറ്റിയതെന്ന് രാഷ്ട്രീയ നീരീക്ഷകര്‍ ചൂണ്ടികാട്ടുന്നു. ഫേസ് ബുക്ക് പോസ്റ്റില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ മുഖ്യ പദവിയിലേക്ക് പിന്തുണച്ച സുധാകരന്‍ ഒരുപടി കൂടി കടന്ന് ന്യൂഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കണ്ടും ഈ ആവശ്യം ഉന്നയിച്ചു. ഇക്കാര്യം സുധാകരന്‍ തന്നെ സ്ഥിരീകരിച്ചു. സതീശനെ ഒട്ടും പരിഗണിക്കാതെ രമേശ് ചെന്നിത്തലയെയും കെ.സി വേണുഗോപാലിനെയും മാത്രം കേന്ദ്രീകരിച്ചാണ് സുധാകരന്‍ തന്റെ വാദം ഉന്നയിച്ചത്. രമേശിനെക്കാള്‍ ഉചിതം കെസിയാണെന്നാണ് സുധാകരന്റെ പുതിയ നിലപാട്. രമേശ് ചെന്നിത്തലയുടെ പേര് നേരത്തെ പറഞ്ഞത് ഭരണപരമായ പരിചയം പരിഗണിച്ചായിരുന്നു. എന്നാല്‍, ഇപ്പോള്‍ വേണ്ടത് ചടുലമായ പ്രവര്‍ത്തനം നടത്താന്‍ കഴിയുന്നയാളാണ്. കരുത്തും സമയബന്ധിതമായ ഇടപെടലുകളുമാണു വേണ്ടത്. ആ അര്‍ഥത്തിലാണ് അഭിപ്രായം ഖര്‍ഗെയെ അറിയിച്ചതെന്നും സുധാകരന്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ തൃപ്തനാണെന്നും സുധാകരന്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫലത്തിലേക്ക് എത്തുമ്പോള്‍ കെ.സി എന്ന പേരിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് ആസൂത്രിത നീക്കം.
വി.ഡി സതീശനാകട്ടെ പ്രതീകാത്മകമായി വനവാസം സ്വീകരിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ വനയാത്രയ്ക്ക് കുടുംബ സമേതം പോയ സതീശന്‍ ഇന്നലെ വനവാസം എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. കുട്ടിക്കാനത്ത് ട്രക്കിംഗ് നടത്തിയ സതീശന്‍ തിരിച്ചുവന്നാണ് വാഗമണ്ണിലെ റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തത്. കോണ്‍ഗ്രസിലെ ഒരു മുന്‍മന്ത്രിയുടെ ബന്ധുവിന്റേതാണ് സ്ഥാപനം. മുഖ്യമന്ത്രിപദവിയെക്കുറിച്ചുള്ള ചര്‍ച്ച അനാവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു. ചര്‍ച്ച സൃഷ്ടിച്ചതു മാധ്യമങ്ങളാണ്. അഭിപ്രായം തുറന്നു പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തിനാണ് ജീവിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
കോണ്‍ഗ്രസിലെ ഗ്രൂപ്പിസം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായി പറന്നിറങ്ങുകയായിരുന്നു. അതേഅവസ്ഥയിലേക്കാണ് കേരളത്തിലെ കാര്യങ്ങളുടെ ചരടുവലി എന്നാണ് അണിയറ സംസാരം.എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കോണ്‍ഗ്രസിലെ ദേശീയ നേതൃനിരയിലെ ആദ്യസ്ഥാനക്കാരില്‍ ഒരാളാണ് കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അഭിപ്രായ സ്വരൂപണത്തില്‍ കെ.സിയുടെ നിലപാട് നിര്‍ണായകമാണ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന നേതാവ് കെ.സിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരവിലേക്ക് എന്ന അന്തരീഷമാണ് വനിതാ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതോടെ സൃഷ്ടിക്കപ്പെട്ടതെന്നാണ് നേതാക്കളുടെ വാദം. ഈ സമയത്ത് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഒരു പുന:സംഘടനയ്ക്ക് ആലോചന സജീവമാണ്. ഇപ്പോള്‍ കോണ്‍ഗ്രസുമായി അകന്നു നില്‍ക്കുന്ന പാര്‍ട്ടിയുടെ രാജ്യാന്തര മുഖങ്ങളായ നേതാക്കളെ സജീവമാക്കാനാണ് പരിപാടി.കഴിഞ്ഞവര്‍ഷങ്ങളില്‍ ഇവരെല്ലാം തന്നെ ഗാന്ധി കുടുംബത്തില്‍ നിന്നും അകല്‍ച്ചയിലാണ്. പാര്‍ട്ടിയുടെ പാര്‍ലമെന്റിലും ഇതര ചര്‍ച്ചാ വേദികളിലും അനിവാര്യമായ മുഖങ്ങളാണ് ഇവര്‍. ബിജെപി സഖ്യത്തെ അടുത്ത തെരഞ്ഞെടുപ്പില്‍ നേരിടുമ്പോള്‍ ഈ നേതാക്കളുടെ അനുഭവ സമ്പത്തും പരിചയവും ഉത്തരേന്ത്യയിലുളള സ്വാധീനവും മുതല്‍കൂട്ടാവുമെന്ന വിലയിരുത്തല്‍ ദേശീയ നേതൃത്വത്തിനുണ്ട്. കേരളത്തില്‍ ശശി തരൂര്‍ ഉള്‍പ്പടെയുളള നേതാക്കള്‍ ഈ നേതൃനിരയിലുളളവരാണ്. കേരളത്തില്‍ ഭരണം ലഭിക്കുകയാണെങ്കില്‍ കെസിയെ ഇവിടെ നിയോഗിക്കാനുളള തീരുമാനത്തിന് ഹൈക്കമാന്റ് പിന്തുണ ലഭിക്കാനുളള സാഹചര്യം ഇവിടെയാണ് ഒളിഞ്ഞിരിക്കുന്നത്.
പക്ഷേ പട നയിച്ച സതീശനും രമേശ് ചെന്നിത്തലയും പ്രത്യേകിച്ച് സതീശനു പിന്നില്‍ അടിയുറച്ചു നില്‍ക്കുന്ന വലിയ വിഭാഗം നേതാക്കളും ഘടകകക്ഷികളും ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന ഉത്കണ്ഠ ദേശീയ നേതാക്കള്‍ക്കുണ്ട്. ഇപ്പോള്‍ തന്നെ വനവാസ മൂഡിലാണ് സതീശന്‍. പുതിയ സംഭവവികാസങ്ങളാണ് സതീശനെ ഈ നിലയിലേക്ക് മാറ്റിയതെന്ന് കരുതുന്നവരുണ്ട്. കേരളത്തില്‍ അധികാരം ലഭിച്ചാല്‍ പൊട്ടിത്തെറിയില്ലാതെ കാര്യങ്ങള്‍ തീര്‍ക്കാനുളള ചില നിര്‍ദേശങ്ങള്‍ രൂപംകൊള്ളുന്നതായും സൂചനയുണ്ട്. രമേശും സതീശനും തുല്യപ്രധാന്യം ലഭിക്കുന്ന പദവികള്‍ എന്നതാണ് ഇതിലൊന്ന്.

