ജക്കാർത്ത: ഇന്തോനേഷ്യയിലെ തകർന്ന മദ്രസ കെട്ടിടത്തിന്റെ അസ്ഥിരമായ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് രക്ഷാപ്രവർത്തകർ ഓക്സിജനും വെള്ളവും എത്തിച്ചു.
കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 65 പേർക്കായി തെരച്ചിൽ ഊർജ്ജിതമായി നടക്കുകയാണ്. പന്ത്രണ്ടിലേറെ പേരെ പരിക്കേറ്റ നിലയിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് സ്കൂൾ കെട്ടിടം തകർന്നത്. കിഴക്കൻ ജാവയിലെ സിഡോയാർജോയിലെ അൽ ഖോസിനി ഇസ്ലാമിക് ബോർഡിംഗ് സ്കൂൾ കെട്ടിടമാണ് തകർന്നത്. വിദ്യാർത്ഥികളുടെ പ്രാർത്ഥന പുരോഗമിക്കുന്നതിനിടയിലാണ് കെട്ടിടം തകർന്നത്. അതേസമയം മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 12നും 17നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് കാണാതായവരിൽ ഏറെയും.

