ന്യൂഡല്‍ഹി: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഹോംവര്‍ക്ക് ചെയ്യാത്തതിന് സ്‌കൂള്‍ ഡ്രൈവര്‍ കയറുകൊണ്ട് കെട്ടി ജനലില്‍ തലകീഴായി തൂക്കിയിട്ട് മര്‍ദ്ദിച്ചു.
ഹരിയാണയിലെ പാനിപ്പത്ത് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സ്‌കൂളില്‍ ആണ് സംഭവം. ഏഴുവയസ്സുകാരനെ സ്‌കൂള്‍ ഡ്രൈവര്‍ കയറുകൊണ്ട് കെട്ടി ജനലില്‍ തലകീഴായി തൂക്കി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. തുടർന്ന് ഹോംവര്‍ക്ക് ചെയ്യാത്തതിനാണ് കുട്ടിക്ക് ഇങ്ങനെ ശിക്ഷ നല്‍കിയതെന്ന് പറയുന്നു. സംഭവം പുറത്തുവന്നതോടെ കുട്ടിയുടെ അമ്മ ഡോളി പോലീസില്‍ പരാതി നല്‍കി.
അടുത്തിടെയാണ് തന്റെ ഏഴുവയസ്സുകാരനായ മകനെ ഈ സ്‌കൂളില്‍ ചേര്‍ത്തതെന്ന് മുഖിജ കോളനി നിവാസിയായ കുട്ടിയുടെ അമ്മ ഡോളി പറഞ്ഞു.
കുട്ടിയെ ശിക്ഷിക്കാന്‍ ഡ്രൈവര്‍ അജയിയെ പ്രിന്‍സിപ്പല്‍ റീന വിളിച്ചുവരുത്തിയാണെന്നും അവര്‍ ആരോപിച്ചു. അജയ് തന്നെ ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്കയച്ച വീഡിയോ പിന്നീട് കുടുംബത്തിന് മുമ്പാകെ എത്തിയതായാണ് വിവരം.
അതേസമയം പ്രിന്‍സിപ്പല്‍ റീന വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് കുട്ടികളെ തുടരെ മുഖത്തടിക്കുന്നതിന്റെ മറ്റൊരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. കുട്ടികള്‍ രണ്ട് സഹോദരിമാരോട് മോശമായി പെരുമാറിയെന്നും അവരെ ശിക്ഷിക്കുന്നതിനുമുമ്പ് മാതാപിതാക്കളെ അറിയിച്ചിരുന്നുവെന്നും അവകാശപ്പെട്ടുകൊണ്ട് റീന പിന്നീട് തന്റെ പ്രവൃത്തികളെ ന്യായീകരിച്ചു.
അതിനിടെ ഈ സ്‌കൂളില്‍ ശിക്ഷയായി കുട്ടികളെ കൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്ന് പല രക്ഷിതാക്കളും ആരോപിക്കുന്നു. സംഭവത്തില്‍ പ്രിന്‍സിപ്പലിനും ഡ്രൈവര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

