നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ പ്രതി കൊലപാതകം നടത്തിയത് ക്രൂരമായെന്ന് പൊലീസ്. ഏപ്രിൽ നാലാം തീയതി നടന്ന ഈ കൊലപാതകത്തിന് ശേഷം യാതൊരു കുറ്റബോധവുമില്ലാതെ പ്രതി നാട്ടിൽ സ്വതന്ത്രനായി വിഹരിക്കുകയായിരുന്നു.
പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയുമാണ് മേരിക്കുട്ടിയുടെ രണ്ടാമത്തെ മകൻ സജി കൊലപ്പെടുത്തിയത്.
സഹോദരൻ രജിയുമായുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഏപ്രിൽ നാലിന് രാത്രി മദ്യപിച്ചെത്തിയ റെജി ഭക്ഷണം കഴിക്കുന്നതിനിടെ ടിവി ഓഫ് ചെയ്യുകയും ചോറടങ്ങിയ പ്ലേറ്റ് നിലത്തടിക്കുകയും ചെയ്തതോടെ സജി പ്രകോപിതനായി. മർദ്ദനമേറ്റ് അവശനായ റെജിയെ കസേരയിൽ ഇരുത്തിയ ശേഷം പിന്നിൽ നിന്ന് തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് സജി കൊലപ്പെടുത്തിയത്. നിലത്ത് വീണപ്പോൾ കഴുത്തിൽ ചവിട്ടി പിടിച്ചു. അമ്മ മേരിക്കുട്ടിയെ കൊന്നത് മുഖത്തിടിച്ചും കയ്യിൽ പിടിച്ച് കറക്കി ഭിത്തിയിലേക്കെറിഞ്ഞുമാണെന്ന് പൊലീസ് പറഞ്ഞു.
സഹോദരൻ മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സജി അമ്മയ്ക്ക് നേരെ തിരിഞ്ഞത്.
റെജിയെ ആക്രമിക്കുന്നത് തടയാൻ എത്തിയ അമ്മ മേരിക്കുട്ടിയെ സജി ക്രൂരമായി മർദ്ദിച്ചു. കൊലപാതകത്തിന് ശേഷം രണ്ട് മൃതദേഹങ്ങളും രണ്ട് ദിവസത്തോളം വീട്ടിൽ തന്നെ സൂക്ഷിക്കുകയായിരുന്നു.
മൂന്നാം ദിവസം അർധ രാത്രിക്ക് ശേഷം പ്രതി കുഴിച്ചിടുകയായിരുന്നു. പിന്നീട് സജി ഒന്നുമറിയാത്ത പോലെ വീട്ടിൽ താമസിച്ചു. അമ്മയെയും മൂത്ത സഹോദരനേയും ഇളയമകൻ കൊന്ന് കുഴിച്ച് മൂടി എന്ന് ബന്ധുക്കളും നാട്ടുകാരും സംശയം ഉന്നയിച്ചതോടെയാണ് ക്രൂര കൊലപാതകം പുറത്ത് വരുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടുവളപ്പിൽ നിന്ന് രണ്ട് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

