Spread the love

തിരുവനന്തപുരം : 3500 ല്‍ അധികം വരുന്ന പ്രൊഫഷണല്‍ ജേണലിസ്റ്റുകളുടെ കേരളത്തിലെ ഏക സംഘടനയായ പത്രപ്രവര്‍ത്തക യൂണിയനില്‍ ക്ഷേമ പദ്ധതിയെ ചൊല്ലി അങ്കം. മാധ്യമപ്രവര്‍ത്തകരുടെ ആകസ്മിക വേര്‍പാടിലും രോഗാവസ്ഥയിലും കരുതലാവുന്ന വെല്‍ഫെയര്‍ സ്‌കീമിന് ഇടങ്കോലിടാന്‍ തിരുവനന്തപുരത്തെ വിവാദ ലോബി നീക്കം തുടങ്ങിയതാണ് ചര്‍ച്ചയായത്.

 

കഴിഞ്ഞ ആഴ്ച പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ ജേണലിസ്റ്റ് വെല്‍ഫെയര്‍ പദ്ധതിയെ പൊതുവേ അനുകൂലിച്ചെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ട പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിമര്‍ശനം അഴിച്ചുവിട്ടു.

ക്ഷേമ പദ്ധതിക്കായി രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്ന ട്രസ്റ്റിനെ കുറിച്ചായിരുന്നു അതിവിശിഷ്ട സേവനത്തിന് കമ്പനി ഇടയ്ക്കിടെ സ്ഥലം മാറ്റി ലാളിക്കുന്ന റിവാർഡ് കുട്ടപ്പന്റെ സംശയം. വൈകാതെ ഇത് പോസ്റ്റ് ആയി ജോലിചെയ്യുന്ന പ്രമുഖ മാധ്യമ സ്ഥാപനത്തിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ എത്തി.

പത്രപ്രവര്‍ത്തക യൂണിയനില്‍ നിലവിലുള്ള ഔദ്യോഗിക പക്ഷത്തെ എന്നും നിലം തൊടാതെ വിമര്‍ശിക്കുന്ന ഇടതുചേരി പോലും ഇക്കാര്യത്തില്‍ തന്ത്രപരമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതേ തുടര്‍ന്നാണ്  മുന്‍ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അട്ടിമറിക്ക് പരസ്യമായി രംഗത്ത് വന്നത്. തുടർന്ന് മലയാളത്തിലെ പ്രമുഖ ദിനപത്രത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍  റിവാർഡ് കുട്ടപ്പൻ സംശയം പോസ്റ്റിട്ടു

 

പ്രമുഖ പത്രത്തിലെ മാധ്യമപ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാൻ കുട്ടപ്പൻ വഴി നീക്കം നടത്തുന്നു എന്നറിഞ്ഞ ഉടൻ  മാധ്യമപ്രവര്‍ത്തകരുടെ മറ്റു പൊതു ഗ്രൂപ്പുകളിൽ  അട്ടിമറി നീക്കം ചര്‍ച്ചയായി. ട്രസ്റ്റിന് രൂപം നല്‍കുന്നത് ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതിയുടെ കാര്യങ്ങള്‍  ജനറല്‍ സെക്രട്ടറി നേരിട്ട് ഈ ഗ്രൂപ്പിൽ  വിശദീകരിച്ചു. എല്ലാവര്‍ക്കും വേണ്ടി നമ്മളും നമ്മള്‍ക്ക് വേണ്ടി എല്ലാവരും എന്നതാണ് പദ്ധതിയുടെ കാതല്‍.

ആകസ്മിക വേര്‍പാട് ഉണ്ടായാല്‍ കുടുംബത്തിന് 10 ലക്ഷം രൂപയും, ജോലി ചെയ്യാന്‍ കഴിയാത്ത ജീവിത സാഹചര്യത്തില്‍ ആശ്വാസ സഹായവും നല്‍കുന്നതാണ് പദ്ധതി. ഇത്തരമൊരു ക്ഷേമ പദ്ധതി വേണമെന്ന ആവശ്യം വര്‍ഷങ്ങളായി മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായിരുന്നു.

2019 ല്‍ തിരുവനന്തപുരത്ത് സിറാജ് ലേഖകനായിരുന്ന കെ.എം ബഷീര്‍,  ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സഞ്ചരിച്ച കാറിടിച്ച് മരിച്ചതോടെയാണ് യൂണിയന് സ്ഥിരമായ ഒരു കുടുംബ സഹായ പദ്ധതി രൂപീകരിക്കണമെന്ന ആവശ്യം ശക്തമായത്.

മാധ്യമപ്രവര്‍ത്തകര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി നിലവിലുണ്ടെങ്കിലും എല്ലാവരും പദ്ധതിയുടെ ഭാഗമല്ല. പരമാവധി രണ്ടു ലക്ഷം രൂപവരെയാണ് രോഗചികിത്സയ്ക്ക് ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷേമ പദ്ധതി പിഐബി വഴി നടപ്പാക്കുന്നുണ്ടെങ്കിലും അത് പലപ്പോഴും പ്രയോജനപ്രദനമാകാത്ത അവസ്ഥയാണ്.

കെ.പി റെജി പ്രസിഡന്റും സുരേഷ് എടപ്പാള്‍ ജനറല്‍ സെക്രട്ടറിയുമായി 2024 ല്‍ ഭരണസമിതി നിലവില്‍ വന്നതോടെ വിഷയം ഗൗരവമായി എടുത്തു.

കോര്‍പ്പറേറ്റ് മനസുളളമാധ്യമപ്രവര്‍ത്തകരുടെ പാനലിനെ പരാജയപ്പെടുത്തിയാണ് സാധാരണക്കാരുടെ പാനല്‍ എന്നു വിശേഷിപ്പിക്കപ്പെട്ട റെജി- എടപ്പാള്‍ ടീം വിജയിച്ചത്. സംസ്ഥാന സമിതിയുടെ അംഗീകാരത്തോടെ വെല്‍ഫെയര്‍ ട്രസ്റ്റിന് രൂപം നല്‍കാന്‍ യൂണിയന്‍ തീരുമാനിച്ചു. ഇക്കാര്യം പത്തനംതിട്ടയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലും ചര്‍ച്ചയായി. ക്ഷേമ പദ്ധതിക്ക് പൊതുവേ അനുകുലമായിരുന്നു ചര്‍ച്ച.

പിആര്‍ഡി ഫണ്ട് വിവാദത്തില്‍ മുഖം നഷ്ടപ്പെട്ട് തിരുവനന്തപുരം ജില്ലാ ഘടകം

സംസ്ഥാന സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റി പത്തുവര്‍ഷം കഴിഞ്ഞിട്ടും വ്യക്തമായ കണക്ക് നല്‍കാത്തതിനെ തുടര്‍ന്ന് ആകെ വെട്ടിലായിരിക്കുകയാണ് പത്രപ്രവര്‍ത്തക യൂണിയന്റെ ആസ്ഥാനമായ തിരുവനന്തപുരത്തെ ജില്ലാ കമ്മറ്റി.

പബ്‌ളിക്ക് റിലേഷന്‍സ് വകുപ്പിന്റെ ഏറ്റവും അധികം നോട്ടീസ് ലഭിച്ച ജില്ലാ കമ്മറ്റിയും തിരുവനന്തപുരത്താണ്.മനോരമയിലെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ പ്രസിഡന്റ് പദത്തിലെത്തിയിട്ടും വെറുക്കപ്പെട്ടവരുടെ ഭരണകാലത്ത് ലഭിച്ച പണത്തിന് കൃത്യമായ കണക്ക് നല്‍കാനായില്ല.

 

 

ഇതിന്റെ ജാള്യം മറയ്ക്കാന്‍ സംസ്ഥാന കമ്മറ്റിയെ അലങ്കോലപ്പെടുത്തുക  ഇക്കൂട്ടറുടെ പ്രധാന അജണ്ടയാണെന്ന് ഔദ്യോഗിക പക്ഷം പറയുന്നു. ആ ബഹളവും മറികടന്ന് ക്ഷേമ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് മനസിലായതോടെയാണ് ക്ഷേമ ട്രസ്റ്റിനെക്കുറിച്ച് ആശങ്കാജനകമായ ചോദ്യങ്ങള്‍ ഉയര്‍ത്തി പ്രമുഖ ദിനപത്രത്തിന്റെ ഗ്രൂപ്പില്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുളള മത്സരത്തില്‍ പരാജയപ്പെട്ട നേതാവ് പോസ്റ്റിട്ടത്. ഇതേ തുടര്‍ന്ന് പത്രപ്രവര്‍ത്തക യൂണിയനിലെ ആയിരത്തോളം അംഗങ്ങളുളള ഗ്രൂപ്പില്‍ ഈ അട്ടിമറി നീക്കം ചര്‍ച്ചയായി. പദ്ധതി വിശദീകരിച്ച് ജനറല്‍ സെക്രട്ടറി കുറിപ്പിട്ടു. ഇതിനോട് മാധ്യമപ്രവര്‍ത്തകര്‍ കൈയ്യടിച്ച് അംഗീകാരം നല്‍കിയിരിക്കുകയാണ്. പക്ഷേ പദ്ധതിയ്‌ക്കെതിരെ പോരാടാന്‍ ഉറച്ചാണ് എതിര്‍ വിഭാഗം എന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍. പദ്ധതിയില്‍ ഒരു കാണാചരടും ഇല്ലെന്നാണ് ഔദ്യോഗിക പക്ഷം പറയുന്നത്.

 

തിരുവനന്തപുരം പ്രസ്‌ക്ലബ് ഇലക്ഷനില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകം എന്നും എതിര്‍ക്കുന്നവരുടെ പാനല്‍ വിജയിച്ചതോടെ ആകെ നിരാശയിലാണ് മുന്‍ ജനറല്‍ സെക്രട്ടറി പക്ഷം. ഈ സങ്കടം തീര്‍ത്ത അന്നു രാത്രിയാണ് ക്ഷേമപദ്ധതിക്കെതിരായ പോസ്റ്റ് കുട്ടപ്പൻ റെഡിയാക്കിയതെന്നാണ് അനന്തപുരി സംസാരം.