Spread the love

മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് മലമ്പനി. മലപ്പുറം വണ്ടൂര്‍ അമ്പലപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്നുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേരും നാല് ദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്ന് വണ്ടൂരിലെത്തിയവരാണ്.

അമ്പലപ്പടി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സിയാറം (71), ഗ്രീഷ്മ (29), റിതേഷ് (ഏഴ്) എന്നിവര്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വെക്ടര്‍ സര്‍വേ, വെക്ടര്‍ കളക്ഷന്‍, ലാര്‍വ കളക്ഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പനി സര്‍വേ, ഉറവിട നശീകരണം, ആരോഗ്യ ബോധവല്‍ക്കരണം തുടങ്ങിയ നടപടികളും പുരോഗമിക്കുന്നുണ്ട്.

ഹെല്‍ത്ത് സൂപ്പര്‍വൈസറുടെ നേതൃത്വത്തില്‍ പ്രദേശത്തെ വീടുകളിലെ കുടിവെള്ള ടാങ്കുകളും മറ്റ് ജലസ്രോതസുകളും പരിശോധിച്ചുവരികയാണ്. കഴിഞ്ഞ രാത്രിയില്‍ നടന്ന പരിശോധനയില്‍ മലമ്പനി പരത്തുന്ന അനോഫിലിസ് കൊതുകിനെയും അതിന്റെ ലാര്‍വകളെയും കണ്ടെത്തി. പരിസരപ്രദേശങ്ങളില്‍ പനി ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.നിലവില്‍ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 17,18 വാര്‍ഡുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വീടുകള്‍ കയറി ബോധവല്‍ക്കരണവും ആരംഭിച്ചു.