ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സാമ്പിള്‍ ശേഖരണം തുടരുന്നു
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ശബരിമലയിലെ സാമ്പിള്‍ ശേഖരണം ഇന്നും തുടരും. കൂടുതല്‍ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലില്‍ നിന്ന് എസ്‌ഐടി സാമ്പിളുകള്‍ ശേഖരിക്കും. എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്ത് തുടരുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സന്നിധാനത്തുനിന്ന് സാമ്പിളുകള്‍ ശേഖരിച്ചുതുടങ്ങിയത്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിനുപിന്നാലെയാണ് സ്വര്‍ണപാളികളില്‍ നിന്നുള്ള സാമ്പിള്‍ ശേഖരിക്കല്‍ ആരംഭിച്ചത്.
ശ്രീകോവിലിന് പിന്‍ഭാഗത്തെ തൂണുകളിലെ പാളികളാണ് ആദ്യം വ്യാഴാഴ്ച്ച ഇളക്കിയെടുത്തത്. ശേഷം ദ്വാരപാലക ശില്‍്പങ്ങളിലേക്ക് കടന്നു. അവശേഷിക്കുന്ന ഭാഗങ്ങളിലെ സാമ്പിള്‍ ഇന്ന് ശേഖരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസസ്മെന്റ് വിഭാഗവും പ്രത്യേക അന്വേഷണ സംഘത്തിനൊപ്പമുണ്ട്. നഷ്ടപ്പെട്ട സ്വര്‍ണ്ണത്തിന്റെ അളവ്, കാലപ്പഴക്കം എന്നിവയില്‍ വ്യക്തത വരുത്തുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. സാമ്പിളുകള്‍ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ അയച്ച് പരിശോധിക്കും. വിശദമായ തെളിവ് ശേഖരണത്തിനുശേഷം കുറ്റപത്രം സമര്‍പ്പിക്കും. മുമ്പ് നടത്തിയ പരിശോധനയില്‍ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കൂടുതല്‍ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നല്‍കിയത്.
ശബരിമലയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ പണമിടപാടുകളില്‍ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലയളവില്‍ ശബരിമലയില്‍ ജോലി ചെയ്ത ജീവനക്കാരുടെ ഇടപാടുകള്‍ സംശയകരമെന്ന് പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ 14 ലക്ഷത്തിലധികം രൂപ പോസ്റ്റ് ഓഫീസ് വഴി മാത്രം കൈമാറ്റം നടന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

