വിവാദം മുറുകി, മുഖ്യമന്ത്രി ഇടപെട്ടു, പ്രദീപ് രാജിവച്ചു
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികള്‍ക്കായി ഹാജരായ അഭിഭാഷകന്‍ കെ.ബി.പ്രദീപ് ഗവര്‍ണ്‍മെന്റ് പ്ലീഡര്‍ സ്ഥാനംരാജിവച്ചു. പ്രദീപിനെ പ്രത്യേക പ്ലീഡറാക്കിയത് വിവാദമായിരുന്നു, ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഇടപടലില്‍ പ്രദീപ് രാജി നല്‍കിയത്.
ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡുകളുടെ സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിതനായ പ്രദീപിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഉടന്‍ രാജിവയ്ക്കാനായിരുന്നു നിര്‍ദേശം. നിയമനം വിവാദമായതിന് പിന്നാലെയാണ് നടപടി. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിയായ സ്മാര്‍ട്ട് ക്രിയേഷന്‍സിനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് പ്രദീപാണ്.
ഗവണ്‍മെന്റ് പ്ലീഡറായി പ്രദീപിനെ നിയമിച്ചതില്‍ എസ്ഐടി ആശങ്ക അറിയിച്ചിരുന്നു. അന്വേഷണ വിവരങ്ങള്‍ ചോരുമോയെന്ന ആശങ്കയാണ് ഉദ്യോഗസ്ഥര്‍ മുന്നോട്ടുവച്ചത്. ഇതുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യല്‍ കമ്മിഷണറെയും എസ്ഐടി സമീപിച്ചിരുന്നു. സ്പെഷ്യല്‍ കമ്മിഷണര്‍ ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.
ഹൈക്കോടതിയില്‍ ദേവസ്വങ്ങളുമായി ബന്ധപ്പെട്ടുവരുന്ന കേസുകളിലാണ് പ്രധാനമായും പ്രദീപ് ഹാജരായിരുന്നത്. മുന്‍പരിചയം കണക്കിലെടുത്താണ് പ്‌ളീഡര്‍മാര്‍ക്ക് ചുമതല വിഭജിച്ചു നല്‍കുന്നത്. സ്വര്‍ണക്കൊള്ള കേസിന്റെ ആദ്യഘട്ടത്തില്‍ പങ്കജ് ഭണ്ഡാരിക്കും സ്മാര്‍ട്ട് ക്രിയേഷന്‍സിനും വേണ്ടി മാദ്ധ്യമങ്ങളോട് സംസാരിച്ചിരുന്നത് കെ.ബി.പ്രദീപായിരുന്നു.

