Spread the love

കനത്ത സുരക്ഷയില്‍ കൊല്ലൂരില്‍ ദര്‍ശനം നടത്തി വെള്ളിവാള്‍ സമര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. വഴിയില്‍ കരിങ്കൊടി പ്രതിഷേധം

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വെള്ളിയാഴ്ച്ച കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം സന്ദര്‍ശിച്ചു. വെള്ളി വാള്‍ ദേവിയ്ക്കു സമര്‍പ്പിക്കുകയും ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം കര്‍ണാടകയിലേക്കുളള ആദ്യ സന്ദര്‍ശനമാണ്. ക്ഷേത്രത്തില്‍ നിന്നും തിരിച്ചുളള യാത്രയില്‍ വിജയ് കാര്‍ ഓടിക്കുകയും ചെയ്തു.

മുഖ്യമന്ത്രി നടയ്ക്കു വച്ച വാളിന് 1.6 കിലോഗ്രാം ഭാരമുണ്ട്. ഉച്ചകഴിഞ്ഞ് ക്ഷേത്രത്തില്‍ പ്രത്യേക പൂജ നടത്തിയിരുന്നു.സന്ദര്‍ശനത്തോടനുബന്ധിച്ച് പോലീസ് ക്ഷേത്രത്തില്‍ കനത്ത സുരക്ഷ ഒരുക്കി. ക്ഷേത്രത്തില്‍ ഭക്തരെ പ്രവേശിപ്പിച്ചില്ല.ക്ഷേത്രം സന്ദര്‍ശിച്ച ശേഷം വിജയ് കൊല്ലൂരിലെ  ഗസ്റ്റ് ഹൗസിലേക്ക് പോയി.

കൊല്ലൂരില്‍ നിന്ന് വിമാനത്താവളത്തിലേക്ക് മടങ്ങുമ്പോള്‍ മുഖ്യമന്ത്രി സ്വയം കാര്‍ ഓടിക്കുയായിരുന്നു.ആരാധകരെ കൈവീശി കാണിച്ച് വൈകുന്നേരം 6.30 ന് ചെന്നൈയിലേക്കുള്ള പ്രത്യേക വിമാനത്തില്‍ കയറി.

കരിങ്കൊടി പ്രതിഷേധം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഉഡുപ്പിയിലെത്തുന്നതിനുമുമ്പ്, കര്‍ണാടക രക്ഷണ വേദികെ (പ്രവീണ്‍ കുമാര്‍ ഷെട്ടി വിഭാഗം) യുടെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ഉഡുപ്പിയിലെ ദേശീയപാത 66 ലെ ഉദ്യാവരയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി.നിര്‍ദിഷ്ട മേക്കേദാട്ടു ജലസേചന പദ്ധതിയെ തമിഴ്നാട് എതിര്‍ക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.പോലീസ് അവരെ കരുതല്‍ കസ്റ്റഡിയിലെടുത്തു.